പഠിച്ച സ്കൂളിൽ തന്നെ പ്രഥമ അധ്യാപികയായി ചുമതലയേറ്റ് ക്രിസ്ജ
1571464
Sunday, June 29, 2025 11:49 PM IST
ത.ുറവൂര്: പഠിച്ച വിദ്യാലയത്തില്‍ തന്നെ പ്രഥമ അധ്യാപികയായി ചുമതലയേറ്റ് ക്രിസ്ജ നോര്‍ബര്‍ട്ട്. പള്ളിത്തോട് പുന്നയ്ക്കല്‍ നോര്ബര്ട്ടിന്റെയും ലീലാമ്മയുടെയും മൂത്തമകളും ഇപ്പോള്‍ അര്‍ത്തുങ്കല്‍ താമസക്കാരിയുമായ ക്രിസ്ജ നോര്‍ബര്‍ട്ട് ആണ് കഴിഞ്ഞദിവസം പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളിന്റെ പ്രഥമാധ്യാപികയായി ചുമതലയേറ്റത്. പത്താം ക്ലാസ് വരെ പഠിച്ച പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ പ്രഥമ അധ്യാപികയായി ചുമതലയേല്‍ക്കുമ്പോള്‍ ഇരട്ടിമധുരമാണ് ക്രിസ്ജാ ടീച്ചറിനു ലഭിക്കുന്നത്.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്കിയ തന്റെ അമ്മ ലീലാമ്മ നോര്‍ബര്‍ട്ട് പഠിപ്പിച്ച അതേ സ്കൂളില്‍തന്നെ പ്രഥമാധ്യാപികയായത് ദൈവാനുഗ്രമായാണ് ടീച്ചര്‍ കരുതുന്നത്. താന്‍ ജനിച്ചുവളര്‍ന്ന പള്ളിത്തോടെന്ന തീരദേശ ഗ്രാമത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വെളിച്ചമേകി തലയെടുപ്പോടെ ഉയര്ന്നുനില്ക്കുന്ന പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ ഭാരിച്ച ഉത്തരവാദിത്വത്തോടെയാണ് ചുമതലയേറ്റിരിക്കുന്നത്.
മുമ്പ് ആലപ്പുഴ ലിയോ തേർട്ടീന്ത്, അര്‍ത്തുങ്കല്‍ സെന്റ് ആഡ്രൂസ് സ്കൂളുകളിലും ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. പള്ളിത്തോട് സ്കൂളിനെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് ടീച്ചര്‍ പറഞ്ഞു. അര്‍ത്തുങ്കല്‍ കുരിശുങ്കല്‍ കുടുംബാംഗമായ അഗസ്റ്റിനാണ് ഭര്‍ത്താവ്. എക്യുന്, എവിന്‍ എന്നിവരാണ് മക്കള്‍.