ബംഗ്ലാവിൽ-മംഗലത്ത് റോഡ് തകർന്നു: യാത്ര ദുരിതം
1571452
Sunday, June 29, 2025 11:49 PM IST
ഹരിപ്പാട്: മുതുകുളം തെക്ക് ബംഗ്ലാവിൽ-മംഗലത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇതുവഴി യാത്ര ചെയ്യുന്നവരും പ്രദേശവാസികളുമെല്ലാം വർഷങ്ങളായി ദുരിതം പേറുകയാണ്. ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നുണ്ടെങ്കിലും നാട്ടുകാരിൽ പലരും യാത്രയ്ക്കായി ഇപ്പോൾ സമീപത്തെ മറ്റു റോഡുകളെയാണ് ആശ്രയിക്കുന്നത്.
കായംകുളം-കാർത്തികപ്പളളി റോഡിൽ ബംഗ്ലാവിൽ ഭാഗത്തുനിന്നു കിഴക്കോട്ട് നൂറുമീറ്ററോളം ദൂരം റോഡ് നാമാവശേഷമായ നിലയിലാണ്. കുണ്ടും കുഴിയും വഴുവഴുപ്പ് ചെളിയും നിറഞ്ഞ ഈ ഭാഗം കടക്കണമെങ്കിൽ യാത്രക്കാർ പെടാപ്പാടുപെടണം. കൂടാതെ, മഴക്കാലത്ത് ഇവിടം വെള്ളത്തിൽ മുങ്ങും.
മഴ കടുത്താൽ വീടുകളുടെ പരസരങ്ങളിലേക്കും വെള്ളം കയറുന്ന അവസ്ഥയുണ്ടാകും. കിഴക്കുനിന്നുള്ള വെള്ളവും ഇവിടേക്കാണെത്തുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. ജലനിരപ്പുയരുമ്പോൾ ഇവിടങ്ങളിലെ താമസക്കാരുടെ ദുരിതം ഇരിട്ടിയാകും. കഴിഞ്ഞയാഴ്ച മഴ കനത്തപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം കായംകുളം-കാർത്തികപ്പള്ളി റോഡിലെ ഓടയിലേക്ക് ഒഴുക്കിവിടുകയായിരുന്നു.റോഡിന്റെ തെക്കുവശം മാന്തിയതോടെ അപകടാവസ്ഥയുമുണ്ട്. കിഴക്കു ഭാഗത്തുള്ള വളവിന്റെ ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടു. ഇത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. ഇവിടെ വാഹനങ്ങൾ കുഴിയിൽ അകപ്പെടാനുള്ള സാധ്യതയേറെയാണ്.
വളവായതിനാൽ കുഴികണ്ട് വെട്ടിക്കുമ്പോൾ വാഹനങ്ങൾ കൂട്ടിമുട്ടിയും അപകടമുണ്ടാ കാം. അപായസൂചനയായി നാട്ടുകാർ ഇവിടെ കൊടി വെച്ചിട്ടുണ്ട്. മതിയായ ജലനിർഗമന മാർഗത്തോടുകൂടി റോഡ് ഉയർത്തി പുനർനിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.