ഡിജിറ്റൽ സർവേ :ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഉന്നതതല സംഘം ജില്ല സന്ദർശിച്ചു
1571129
Sunday, June 29, 2025 3:07 AM IST
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ എന്റെ ഭൂമി ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നേരിട്ട് കാണാനും മനസിലാക്കാനും എത്തിയ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള 13 അംഗ ഉന്നതതല ഉദ്യോഗസ്ഥ സംഘം ജില്ല സന്ദർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരായ ലഡാക്കിൽനിന്നുള്ള തുഷാർ ആനന്ദ്, പശ്ചിമ ബംഗാളിൽനിന്നുള്ള പവൻ കട്യാൻ എന്നിവരടങ്ങുന്ന വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘമാണ് രാവിലെ കളക്ടറേറ്റിലെത്തിയ ശേഷം സർവേ നടക്കുന്ന സ്ഥലങ്ങളിലേക്കു പോയത്.
രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സർവേ വിജയകരമായി നടപ്പിലാക്കിവരുന്ന സംസ്ഥാനത്തെ റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും സർവേയുടെ സാങ്കേതികവശങ്ങൾ മനസിലാക്കുന്നതിനുമാണ് സംഘം വിവിധ ജില്ലകളിലായി സന്ദർശനം നടത്തുന്നത്. സംഘം ജില്ലാ കളക്ടർ അലക്സ് വർഗീസുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിൽ പുരോഗമിക്കുന്ന ഡിജിറ്റൽ സർവേയെക്കുറിച്ചും ജില്ലയുടെ ഭൗമശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചും കളക്ടർ സംഘാംഗങ്ങൾക്ക് വിശദീകരിച്ചു നൽകി.
കളക്ടറേറ്റിലെ യോഗത്തിനു ശേഷം ആര്യാട് തെക്ക് വില്ലേജിലെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസ് സംഘം സന്ദർശിച്ചു. അവിടെ ഡിജിറ്റൽ സർവേ പൂർത്തിയാക്കാൻ വേണ്ട കാലയളവ്, സർവേ നടത്താൻ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി കൊടുത്തു. എഡിഎം ആശാ സി. ഏബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് വകുപ്പ് ഡിഡി വി. പ്രകാശ്, ഡെപ്യൂട്ടി കളക്ടർമാരായ ജെ. മോബി, അതുൽ എസ്. നാഥ് എന്നിവരും സംഘാംഗങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.