കല്ലിമേൽ തേനീച്ചവളർത്തൽ കേന്ദ്രം ഹണി മ്യൂസിയമാക്കുന്നു
1571747
Monday, June 30, 2025 11:59 PM IST
മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കല്ലിമേൽ തേനീച്ചവളർത്തൽ കേന്ദ്രം ഹണി മ്യൂസിയമാക്കി ഉയർത്തുന്നു. രാജ്യത്തെ ആദ്യ തേനീച്ച സസ്യപാർക്കായി 2018 ലാണ് പ്രവർത്തനം ആരംഭിച്ചത്. ഏഴു വർഷം പിന്നിടുമ്പോൾ തേൻമധുരമുള്ള വിജയകഥയായി കേന്ദ്രം മാറി. ദിവസം 25,000 രൂപവരെയാണ് ഇവിടുത്തെ വിറ്റുവരവ്. അമ്പതിനായിരം കിലോയിലധികം തേനാണ് കർഷകരിൽനിന്നും ശേഖരിച്ച് സംസ്കരിച്ച് അമൃത് ഹണിയായി വിൽപ്പന നടത്തിയത്.
സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻനിർമാണ ശുദ്ധീകരണ വിപണന കേന്ദ്രം കൂടിയാണിത്. മൂന്ന് ഏക്കറിലായാണ് ഹോർട്ടികോർപ്പിന് കീഴിൽ കേന്ദ്രം പ്രവർത്തിക്കുന്നത്. തേനീച്ചകളുടെ പ്രയോജനത്തെക്കുറിച്ച് അവബോധം നൽകുന്നതിന് ഒരുകോടി രൂപ ചെലവിൽ കെട്ടിടം പുനർനിർമിച്ചാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി കേന്ദ്രത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് രണ്ടുകോടിയിലധികം രൂപ ചെലവഴിച്ചു. പ്രധാനമായും മൂന്നു രീതിയിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.
തേനീച്ചകളെ വളർത്തി തേൻ ഉത്പാദിപ്പിക്കുക, കർഷകരിൽനിന്ന് തേൻ സംഭരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് വിപണിയിൽ എത്തിക്കുക, കർഷകർക്ക് പരിശീലനം നൽകുക എന്നിവയാണവ. തേനീച്ച വളർത്തൽ കേന്ദ്രത്തിൽ ഇരുന്നൂറോളം തേനീച്ചക്കൂടുകളാണുള്ളത്. ചെറുതേനീച്ചകളെയും ഇന്ത്യൻ തേനീച്ചകളെയുമാണ് ഇതിൽ പ്രധാനമായും വളർത്തുന്നത്. വർഷം രണ്ടു ടൺ തേൻ ഇവയിൽനിന്നുമാത്രം ഉത്പാദിപ്പിക്കുന്നുണ്ട്. കർഷകർ ഉത്പാദിപ്പിക്കുന്ന തേൻ സർക്കാർ നിശ്ചയിക്കുന്ന തുകയ്ക്ക് നേരിട്ട് സംഭരിക്കുന്നതിലൂടെ കർഷകർക്ക് ന്യായമായ വില ഇവിടെ ഉറപ്പാക്കുന്നുണ്ട്.
സംഭരിക്കുന്ന തേൻ ശാസ്ത്രീയമായി സംസ്കരിച്ച് തേനിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം അമൃത് തേൻ എന്ന ബ്രാൻഡിലാണ് കുറഞ്ഞ വിലയിൽ വിൽക്കുന്നത്. 50 ഗ്രാം മുതലുള്ള അമൃത് ഹണി കാനുകൾ ലഭ്യമാണ്. ഒരു കിലോ തേനിന് 380 രൂപയാണ് വില. അഞ്ചു കിലോ തേൻ 1375 രൂപയ്ക്ക് അമൃത് ഹണി ഔട്ട് ലെറ്റിൽനിന്ന് വാങ്ങാം. ഹണി സോപ് ഉൾപ്പെടെ തേനിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഇരട്ടി മധുരം, നീല അമരി, വിവിധ തരം അരികൾ തുടങ്ങിയവയും ഇവിടെ വിൽപ്പനയ്ക്കുണ്ട്.
ഇവിടെ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തേനീച്ചക്കൂടും അനുബന്ധ ഉപകരണങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴി 40 ശതമാനം സബ്സിഡിയിൽ നൽകുന്നുമുണ്ട്. കൂടാതെ ബ്ലോക്ക് അടിസ്ഥാനത്തിൽ 30 കർഷകർക്ക് കൃഷി ഓഫീസറുടെ നിർദേശാനുസരണവും പരിശീലനവും നൽകിവരുന്നു.
കൂടാതെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ തേനീച്ചകളെ ഉത്പാദിപ്പിക്കുന്ന കർഷകരെ തെരഞ്ഞെടുത്ത് അവരിൽനിന്നും തേനീച്ചകളെ സംഭരിക്കുന്ന പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്.
വിനോദസഞ്ചാരികളെയടക്കം ആകർഷിക്കാൻ കഴിയുന്ന ഹണി മ്യൂസിയമായി കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രത്തെ മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ് സർക്കാറെന്ന് എം.എസ്. അരുൺകുമാർ എംഎൽഎ പറഞ്ഞു. സംസ്ഥാനത്തെ 1500ൽ അധികം കർഷകർക്ക് ഇവിടെനിന്ന് പരിശീലനം കൊടുക്കാനായി.
പതിനായിരത്തിലധികം കർഷകർക്ക് സബ്സിഡിയായി തേനീച്ച കോളനികൾ നിർമിക്കുന്നതിന് സഹായം നൽകി. കർഷകർക്ക് തേനിന്റെ ഗുണനിലവാരം പരിശോധിക്കാനായി ലാബ് സ്ഥാപിക്കാനുള്ള അനുമതിയും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ടെന്നും രണ്ടു മാസത്തിനുള്ളിൽ ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഹോർട്ടികോർപ്പിന്റെ രണ്ടു പതിറ്റാണ്ട് കാലത്തെ പ്രയത്നത്തിന്റെ ഫലമായി ഇൻഫ്യൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധ പഴവർഗങ്ങളുടെ രുചിയുള്ള തേനും മാവേലിക്കരയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനാവശ്യായ ഉപകരണങ്ങളും ഹോർട്ടികോർപ് വികസിപ്പിച്ചിട്ടുണ്ട്.