അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: പ്രതിക്ക് ഏഴു വർഷവും ഏഴു മാസവും തടവ്
1571142
Sunday, June 29, 2025 3:07 AM IST
ചെങ്ങന്നൂർ: അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതിക്ക് ഏഴു വർഷവും ഏഴു മാസവും തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി. ചെറിയനാട് മണ്ഡപരിയാരം പുന്നവട്ടത്ത് പുത്തൻവീട്ടിൽ ജോണി (60) യാണ് ശിക്ഷിക്കപ്പെട്ടത്. ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വി.എസ്. വീണയാണ് വിധി പ്രസ്താവിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം. ജോണിയുടെ ബന്ധുവിന്റെ സ്ഥലം വാങ്ങി വീടുവച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. അയൽവാസിയായ പട്ടത്താനത്ത് ജിനു രാജേഷിനെ (33) യാണ് ഇയാൾ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്.
കേസിലെ രണ്ടാം പ്രതിയായിരുന്ന ജോണിയുടെ ഭാര്യ ജോളിയെ കോടതി കുറ്റവിമുക്തയാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദിവ്യാ ഉണ്ണിക്കൃഷ്ണൻ ഹാജരായി. അന്നത്തെ ചെങ്ങന്നൂർ എസ്ഐ ആയിരുന്ന എസ്. നിധീഷാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.