ജലനിരപ്പിനു നേരിയ കുറവ്; ആശങ്കയിലാക്കി പെരുമഴ
1571746
Monday, June 30, 2025 11:59 PM IST
എടത്വ: അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പിനു നേരിയ കുറവ്. ഇന്നലെ പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകിട്ടോടെ വീശിയടിച്ച കാറ്റിലും പെരുമഴയിലും ജനങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.
അരമണിക്കൂര്‍ നീണ്ടുനിന്ന പെരുമഴയില്‍ ജലനിരപ്പിനും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. രണ്ടു ദിവസമായി മഴയ്ക്കു നേരിയ ശമനമായെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് കാര്യമായി താഴുന്നില്ല.
ഒട്ടുമിക്ക പ്രദേശങ്ങളും റോഡുകളും ഇപ്പോഴും മുട്ടോളം വെള്ളത്തിലാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ ജലനിരപ്പ് താഴുമെന്ന് കരുതിയിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ പെരുമഴ പെയ്തത്. തലവടി, മുട്ടാര്‍, വീയപുരം, തകഴി, എടത്വ എന്നീ പഞ്ചായത്തില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു. വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിയെങ്കിലും വീട്ടുപരിസരങ്ങള്‍ വെള്ളക്കെട്ടിലാണ്.
അപ്പര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത നിലയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിനോടകം മൂന്നുതവണ വെള്ളം ഉയര്‍ന്ന് ജനജീവിതം സ്തംഭിച്ചിരുന്നു.
നിരവധി വീടുകളും തകര്‍ന്നടിയുകയും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുകയും ചെയ്തു. അധ്യാപകര്‍ പാഠഭാഗം തീര്‍ക്കാന്‍ പാടുപെടുകയാണ്.
ഇന്നലെ കുട്ടനാട് താലൂക്കില്‍ അവധി നല്കിയില്ലെങ്കിലും വെള്ളക്കെട്ടിലൂടെ ദുരിതം പേറിയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തിയത്. സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണവും കുറവായിരുന്നു.