ഭരണഘടന ഭേദഗതി ചെയ്ത് ഗവർണർ പദവി ഇല്ലാതാക്കണം: സിപിഐ
1571121
Sunday, June 29, 2025 3:06 AM IST
കായംകുളം: ഭരണഘടന ഭേദഗതി ചെയ്ത് ഗവർണർ പദവി ഇല്ലാതാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിജെപി ഇതരസർക്കാരുകൾ യോജിച്ച് ഇത്തരം നിലപാടിൽ എത്തണം. കേന്ദ്രസർക്കാർ ഗവർണർമാരെ ദുരുപയോഗം ചെയ്ത് രാജ്ഭവനുകൾ രാഷ്ട്രീയ പ്രചാരണവേദികളാക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെയും ധാർമികതയെയും വെല്ലുവിളിക്കുന്ന ഗവർണർമാർ രാഷ്ട്രീയ അടിമകളാകുന്നു.
ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാനും ഹിന്ദു വർഗിയത വളർത്താനുമുള്ള പരിശ്രമത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഭാരതാംബ വിഷയമെന്നും സമ്മേളനം വിലയിരുത്തി. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമസഭകൾ പാസ്സാക്കുന്ന നിയമങ്ങളെ ഭരണഘടനാ നിർദേശങ്ങൾക്കു വിരുദ്ധമായി രാഷ്ട്രപതിക്ക് അയക്കുക വഴി സംസ്ഥാന ഭരണത്തിനും ഭരണഘടനയ്ക്കും പ്രതിസന്ധി സൃഷ്ടിടിക്കുന്ന നീക്കം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കമ്മിറ്റി കൺവീനർ അഡ്വ.വി. മോഹൻദാസ് പ്രമേയം അവതരിപ്പിച്ചു.