രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാർ: ബിനോയ് വിശ്വം
1571138
Sunday, June 29, 2025 3:07 AM IST
കായംകുളം: ഫാസിസ്റ്റ് സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഫാസിസ്റ്റ് അതിന്റെ മുഖഛായ ഒറ്റയടിക്ക് കാണിക്കാറില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലര്‍ തെരഞ്ഞെടുപ്പിലൂടെയാണ് കടന്നുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഹിറ്റ്ലറിന്റെ സ്വഭാവരീതിക്കു സമാനമായിട്ടാണ്. അടിമുടി ഫാസിസ്റ്റായ ബിജെപി, ആര്‍എസ്എസ് സര്‍ക്കാരാണ് രാജ്യത്തുള്ളത്. മോദിയേക്കാൾ വാചാലമായിരുന്നു ഹിറ്റ്ലറിന്റെ ആദ്യപ്രസംഗങ്ങൾ.
എല്ലാം കൈപ്പിടിയില്‍ ഒതുങ്ങിയപ്പോള്‍ ഹിറ്റ്ലർ ഫാസിസ്റ്റായി എന്നും അദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ മുതലാളിത്വ പാര്‍ട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയും സംവാദവും നടക്കുന്നത് പാര്‍ട്ടിക്കുവേണ്ടി മാത്രമാണ്. സ്വന്തം താത്പര്യങ്ങളെക്കാള്‍ തൊഴിലാളികളുടേയും നാടിന്റെയും സേവകരാണ് കമ്മ്യൂണിസ്റ്റുകാര്‍. മൈക്കും കാമറയും വഴിയല്ല പാര്‍ട്ടി ഉണ്ടാക്കേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി വിപ്ലവ ഗായിക പി.കെ. മേദിനി പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ എസ്. സോളമൻ, ദീപ്തി അജയകുമാർ, എം.കെ. ഉത്തമൻ, സി.എ. അരുൺകുമാർ, ബൈരഞ്ജിത്ത്, അജയ് കൃഷ്ണൻ എന്നിവരടങ്ങിയ പ്രിസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ദേശീയ കൗണ്‍സില്‍ അംഗം ടി.ടി. ജിസ്മോന് രക്തസാക്ഷി പ്രമേയവും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി. സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി തുടങ്ങിയവർ സംസാരിച്ചു.