എടത്വ ബോട്ട് ജെട്ടിയുടെ മുഖഛായ മാറുന്നു; പുനര്‍നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപ
1571744
Monday, June 30, 2025 11:59 PM IST
എടത്വ: ഇറിഗേഷന്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് കുട്ടനാട് പാക്കേജില്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്ന എടത്വ ബോട്ട് ജെട്ടിയുടെ നിര്‍മാണോദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു. ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു പതിറ്റാണ്ടുകളായി തകര്‍ന്നുകിടന്ന എടത്വ ബോട്ട് ജെട്ടി പുനര്‍നിര്‍മിക്കുക എന്നത്.
വെള്ളപ്പൊക്ക സമയത്താണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ബോട്ട് അടുപ്പിച്ചശേഷം കെട്ടാന്‍ പോലും മാര്‍ഗമില്ലായിരുന്നു. മഴയത്തും വെയിലത്തും യാത്രക്കാര്‍ക്ക് നില്‍ക്കുന്നതിനുള്ള കാത്തിരിപ്പു പുരയും ഇല്ല. ചമ്പക്കുളം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ജെട്ടിയാണ് എടത്വ. എടത്വ പള്ളിപ്പെരുന്നാള് കാലത്ത് ഒട്ടേറെ ബോട്ടുകള്‍ എത്താറുണ്ട്. നൂറുകണക്കിനു തീര്‍ഥാടകര്‍ കായല്‍ യാത്രയ്ക്കായി ഈ ജെട്ടിയിലാണ് എത്തുന്നത്.
നൂതന സാങ്കേതിക വിദ്യയില്‍ എടത്വ മെയിന്‍ ബോട്ട് ജെട്ടിയും ജെട്ടിയോടു ചേര്‍ന്ന് സംരക്ഷണഭിത്തിയും നിര്‍മിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന് 47 ലക്ഷം രൂപ അനുവദിക്കുകയും ഇതേത്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിച്ചു പണി ആരംഭിക്കുന്നത്. ടി ഷേപ്പ്ഡ് ജെട്ടിയാണ് നിര്‍മിക്കുന്നത്. ഇതില്‍ മൂന്നു ഡെക്ക് സ്ലാബും ഉണ്ടാകും.
കൂടാതെ 69 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തിയും കടവും നിര്‍മിക്കും. പ്രധാന ബോട്ട് ജെട്ടിയോടു ചേര്‍ന്ന് കിഴക്ക് ഭാഗത്തുള്ള ജെട്ടിയുടെ അറ്റകുറ്റപ്പണിയും ഇതോടൊപ്പം നടത്തും. റൂഫിംഗ്, ഡക്ക് ടൈല്‍സ് പാകല്‍, ബെഞ്ച് സ്ളാബ് സ്ഥാപിക്കല്‍ എന്നിവക്കായി മൂന്നു ലക്ഷം രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ പണി പൂര്‍ത്തിയാകുമ്പോള്‍ എടത്വ ബോട്ട് ജെട്ടിയുടെ മുഖഛായ മാറുമെന്നു കരുതുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയി അധ്യക്ഷത വഹിച്ചു. ഇറിഗേഷന്‍ വകുപ്പ് മാവേലിക്കര സെക്ഷന്‍ അസി. എന്‍ജിനിയര്‍ കെ.വി. വിപിന്‍ പദ്ധതി വിശദീകരിച്ചു. എടത്വ ഫെറോനാ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്സണ്, പഞ്ചായത്തംഗങ്ങളായ ജി. ജയചന്ദ്രന്, പി.സി. ജോസഫ്, ജീമോന്‍ ജോസഫ്, ബെറ്റി ജോസഫ്, ജെയിന് മാത്യു ബിജു, ബാബു മണ്ണാംതുരുത്തില്‍, വിനിത ജോസഫ്, ജലഗതാഗതവകുപ്പ് എടത്വ സ്റ്റേഷന് മാസ്റ്റര്‍ എം. മുജീബ്, ടി.എസ്. സുരേഷ്, ബിനോയി ഉലക്കപ്പാടി, മാത്യു സേവ്യര്‍ കൊച്ചുപറമ്പ്, മധു മംഗലപ്പള്ളി, ബാബു കണ്ണന്തറ, സിബിച്ചന് തെക്കേടം എന്നിവര്‍ പ്രസംഗിച്ചു.