തെരുവുനായ ആക്രമണത്തിൽ നാലരവയസുകാരനു പരിക്ക്
1571139
Sunday, June 29, 2025 3:07 AM IST
ഹരിപ്പാട്: തെരുവുനായ ആക്രമണത്തിൽ നാലര വയസുകാരന് പരിക്ക്. മുതുകുളം വടക്ക് നമ്പാട്ട് വീട്ടിൽ അനിൽകുമാറിന്റെയും ദീപയുടെയും മകൻ ധ്രുവിനാണ് കടിയേറ്റത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഇടതുകൈക്ക് ആഴത്തിൽ മുറിവേറ്റ ധ്രുവിനെ വീടിന് തൊട്ടടുത്തുതന്നെയുളള മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും ചികിത്സ തേടി.
അക്രമകാരിയായ നായ അടുത്ത് വാടകയ്ക്കു താമസിക്കുന്നയാളുടെ ആടിനെയാണ് ആദ്യം കടിച്ചത്. അവിടെനിന്നെത്തിയാണ് കുട്ടിയെ ആക്രമിക്കുന്നത്. നാലു ദിവസം മുമ്പും തെരുവുനായയുടെ ആക്രമണത്തിൽ പ്രദേശവാസിയായ സ്ത്രീക്ക് പരിക്കേറ്റു. ഏതാനം ദിവസം മുമ്പ് ഷാപ്പുമുക്കു ഭാഗത്തുവച്ച് സൈക്കിളിൽ പോകുകയായിരുന്ന മറ്റൊരു കുട്ടിക്കു നേരേ നായ്ക്കൂട്ടം പാഞ്ഞടുത്തിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് ഈ കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്.
അക്രമകാരിയായ നായകൾക്ക് പേവിഷ ബാധയേറ്റിരിക്കാമെന്നാണ് സംശയിക്കുന്നത്. ഇവിടെ പാണ്ഡവർകാവ്, ആശുപത്രി ജംഗ്ഷൻ, ശാന്തിമുക്ക്, ഷാപ്പുമുക്ക്, പുത്തൻചന്ത, മുലേത്തറ ഭാഗങ്ങളിൽ തെരുവുനായ ക്രമാതീതമായി പെരുകിയിട്ടുണ്ട്. സ്ത്രീയെയും കുട്ടിയെയും കടിച്ച നായ ഇവിടെയെല്ലാമെത്തി മറ്റു തെരുവുനായ്ക്കളെയും കടിച്ചതായി പറയുന്നു. ഇതുകാരണം ഇവിടങ്ങളിലുളളവർ പുറത്തേക്കിറങ്ങാൻ പോലും ഭയപ്പെടുകയാണ്.