അടിയന്തര ശസ്ത്രക്രിയ വേണ്ടത് മെഡി. കോളജുകള്‍ക്ക്: കെ.സി. വേണുഗോപാല്‍
1571465
Sunday, June 29, 2025 11:49 PM IST
അന്പലപ്പുഴ: അടിയന്തര ശസ്ത്രക്രിയ വേണ്ടത് മെഡിക്കല്‍ കോളജുകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്ക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി. ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാണിക്കുന്നത് കേരളത്തിലെ പൊതുജന ആരോഗ്യത്തിന്റെ ഏറ്റവും ദയനീയാവസ്ഥയാണ്.
കേരളത്തിലെ പൊതുജന ആരോഗ്യത്തിന്റെ ഏറ്റവും ദയനീയാവസ്ഥയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലിലൂടെ ചൂണ്ടിക്കാണിക്കപ്പെട്ടതെന്നും ഗത്യന്തരമില്ലാതെയാണ് ഡോ. ഹാരീസ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുന്നപ്രയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് കേരളത്തിലെ ചികിത്സാരംഗത്ത് അന്തിമവാക്ക് മെഡിക്കല്‍ കോളജുകളുടേതായിരുന്നു. ഇന്നതല്ലൊം നഷ്ടമായി. അതിനു കാരണം അവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതുമാണ്. നമ്മുടെ ആരോഗ്യരംഗം മികച്ചതെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് നമ്മുടെ മെഡിക്കല്‍ കോളജുകള്‍ പരിതാപകരമായ അവസ്ഥ നേരിടുന്നത്.
ഡോക്ടര്‍മാരുടെയും പാരമെഡിക്കല്‍ ജീവനക്കാരുടെയും നഴ്സുമാരുടെയും നിരവധി ഒഴിവുകളുണ്ട്. അത് നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ഒഴിവുകളിലേക്ക് ഡോക്ടര്‍മാരെ നിയമിച്ചാലും അവര്‍ ചുമതലയേറ്റെടുക്കാത്ത അവസ്ഥയുണ്ട്. അതെന്തുകൊണ്ടാണെന്ന് പഠിക്കാനോ പരിഹാര നടപടിയെടുക്കാനോ സര്‍ക്കാര്‍ തയാറാകുന്നില്ല.
സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യം ഇതുവരെ യാഥാര്‍ഥ്യമാക്കിയില്ല. അറ്റകുറ്റപ്പണി നടത്തുന്നതില്‍ പിഡബ്ല്യുഡിയും ആരോഗ്യവകുപ്പും തമ്മില്‍ ശീതസമരമാണ്. സര്‍ജറി വിഭാഗത്തില്‍ 16 അസി. പ്രഫസര്‍മാരുടെ ഒഴിവുണ്ട്. അതില്‍ പതിനൊന്നെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.
റോഡിയോളജി ഡിപ്പാര്ട്ടുമെന്റില് 13 തസ്തകയില്‍ നാലു പേര്‍മാത്രമാണ് ജോലിയിലുള്ളത്. അതീവഗുരുതരമായ തകര്‍ച്ചയിലേക്കു കേരളത്തിന്റെ പൊതുജന ആരോഗ്യരംഗത്തെ നയിക്കുകയാണ് പിണറായി സര്‍ക്കാരെന്നും അതിന്റെ തെളിവാണ് ഡോ. ഹാരീസ് ഹസന്റെ തുറന്നുപറച്ചിലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.