ചെങ്ങന്നൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ കാത്തിരിപ്പുകേന്ദ്രമില്ല: യാത്രക്കാർ വലയുന്നു
1571143
Sunday, June 29, 2025 3:07 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ പേരിൽ പൊളിച്ചുമാറ്റി നാലു മാസത്തിലേറെയായിട്ടും യാത്രക്കാരുടെ ദുരിതം തുടരുന്നു.
മഴയും വെയിലുമേറ്റ് വലയുന്ന യാത്രക്കാർക്ക് ഒരു താത്കാലിക കാത്തിരിപ്പുകേന്ദ്രം പോലുമില്ലാത്ത അവസ്ഥയാണ് ഇവിടെ. അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി പോലും ഇല്ലാത്തത് യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുകയാണ്.
അഭയമില്ലാതെ
കനത്ത മഴയോ വെയിലോ വരുമ്പോൾ സാധനങ്ങളുമായി സമീപത്തെ കടത്തിണ്ണകളിലേക്കും കെഎസ്ആർടിസിയുടെ ഗാരേജിലേക്കും ഓടിക്കയറേണ്ട അവസ്ഥയാണ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ബസ് സ്റ്റാൻഡിൽനിന്ന് വെയിലും മഴയുമേല്ക്കാതെ യാത്രക്കാർ മാറി നില്ക്കുന്നതുമൂലം ബസ് സ്റ്റാൻഡിൽ വരുമ്പോൾ ബസുകൾക്ക് പിന്നാലെ ഓടേണ്ടി വരുന്നുണ്ട്; ഇത് അപകടങ്ങൾക്കു കാരണമാകാനുള്ള സാധ്യതയും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
ചെളിക്കുണ്ടായി
കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലം പൂർണമായും ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. യാത്രക്കാർക്ക് വെയിലിൽനിന്ന് രക്ഷപ്പെടാൻ ആകെയുള്ളത് ഒരു തണൽമരം മാത്രമാണ്. ഇത് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നും യാത്രക്കാർ ആശങ്കപ്പെടുന്നു. അപര്യാപ്തമായ താത്കാലിക ഷെഡാണുള്ളത്. നിലവിൽ ടാർപോളിൻ വലിച്ചുകെട്ടിയ ഒരു ചെറിയ ഷെഡ് മാത്രമാണുള്ളത്. ഇതിൽ നാലു പേർക്കു പോലും നിൽക്കാൻ കഴിയില്ല. മുൻപുണ്ടായിരുന്ന ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ തുറന്ന സ്ഥലത്താണ് കിടക്കുന്നത്.

അധികൃതരുടെ വാഗ്ദാനങ്ങൾ പാഴ്വാക്കായി. കെട്ടിടം പൊളിച്ചു തീർന്നാലുടൻ ദിവസങ്ങൾക്കുള്ളിൽ താത്കാലിക ഷെഡ് നിർമിക്കുമെന്ന അധികൃതരുടെ വാഗ്ദാനവും പാഴ് വാക്കായി മാറിയിരിക്കുകയാണ്. വകുപ്പു മന്ത്രിക്ക് ഉൾപ്പെടെ നിരവധി പരാതികൾ അയച്ചിട്ടും പരിഹാരമുണ്ടായില്ല. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ സമരപരിപാടികളും നടന്നിരുന്നു.
പുതിയ പ്രതീക്ഷ
യാത്രക്കാർക്ക് താത്കാലിക ഷെഡ് നിർമിക്കുന്നതിനായി ചെങ്ങന്നൂർ എംഎൽഎയും മന്ത്രിയുമായ സജി ചെറിയാന്റെ ഫണ്ടിൽ 4.4 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ആർ. അജീഷ് കുമാർ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിൽ 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ 11.5 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിക്കാനാണ് പദ്ധതി.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതു വരെ യാത്രക്കാർക്കായി താത്കാലിക കാത്തിരപ്പു കേന്ദ്രം, ശുചിമുറി, പോലീസ് സേവനം എന്നിവ അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. 43 ബസുകളും രണ്ട് സിഫ്റ്റ് ബസുകളുമായി 45 ഷെഡ്യൂളുകൾ ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിങ്കൾ, ശനി ദിവസങ്ങളിൽ രണ്ട് അഡീഷണൽ സർവീസും ഓപ്പറേറ്റ് ചെയ്യുന്നു.