വീണ്ടും കുഴി നിറഞ്ഞ് തുറവൂർ കുമ്പളങ്ങി റോഡ്
1571136
Sunday, June 29, 2025 3:07 AM IST
തുറവൂർ: കഴിഞ്ഞ ദിവസം അടച്ച കുഴികൾ വീണ്ടും തുറന്ന് തുറവൂർ കുമ്പളങ്ങി റോഡ്. തുറവൂർ മുതൽ കുമ്പളങ്ങി വരെ നൂറുകണക്കിന് കുഴികളാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. രണ്ടു ദിവസം മുൻപ് മെറ്റലും ടാറുമിട്ട് അടച്ച കുഴികളാണ് ഒറ്റ മഴയിൽ മെറ്റൽ പോയി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. തുറവൂർ കവലയ്ക്കു പടിഞ്ഞാറു വശമുള്ള വളവിൽ വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഇരുചക്രവാഹനങ്ങൾക്കു പോലും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്.
അപകടങ്ങൾ ഇവിടെ തുടർകഥയായിരിക്കുകയാണ്. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടത് പ്രദേശത്ത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഉയര പ്പാത നിർമാണം നടക്കുന്നതിനെത്തുടർന്ന് ചെറുതും വലുതുമായ വാഹനങ്ങൾ മുഴുവൻ ഈ റോഡിലൂടെയാണ് വഴി തിരിച്ചുവിട്ടിരിക്കുന്നത്.
ഇതുമൂലം വൻ വാഹനത്തിരക്കാണ് ഏതുനിമിഷവും ഈ റോഡിൽ അനുഭവപ്പെടുന്നത്. റോഡിൽ കുഴികൾ നിറഞ്ഞതോടുകൂടി വൻ ഗതാഗതക്കുരുക്കും ഈ റോഡിൽ അനുഭവപ്പെടുകയാണ്. അടിയന്തരമായി തുറവൂർ മുതൽ കുമ്പളങ്ങി വരെയുള്ള റോഡ് നല്ല രീതിയിൽ ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.