അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് താഴുന്നില്ല; ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടില്‍
1571459
Sunday, June 29, 2025 11:49 PM IST
എടത്വ: മഴയ്ക്ക് ശമനമായെങ്കിങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് താഴുന്നില്ല. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടില്‍. കാലവര്‍ഷക്കെടുതിയുടെ ആരംഭഘട്ടത്തില്‍തന്നെ മൂന്നു വെള്ളപ്പൊക്കമാണ് കുട്ടനാട്ടുകാര്‍ നേരിട്ടത്.
താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ മുട്ടോളം വെള്ളത്തിലാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവിലും മഴ പെയ്തും ഉയര്‍ന്ന ജലനിരപ്പ് താഴുന്നില്ല. തലവടി, മുട്ടാര്‍, വീയപുരം, തകഴി, എടത്വ എന്നീ പഞ്ചായത്തില്‍ ജലനിരപ്പിന് മാറ്റമില്ലാതെ തുടരുകയാണ്. നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല.
ഒട്ടുമിക്ക റോഡുകളിലും യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത നിലയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്ക് വെള്ളം ഒഴുകി മാറുന്നുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടരുന്നതാണ് ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിക്കുന്നില്ല. ഒരുമാസമായി കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ ജനങ്ങള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഇതിനോടകം മൂന്നു തവണ വെള്ളം ഉയര്‍ന്ന് ജനജീവിതം സ്തംഭിച്ചിരുന്നു. നിരവധി വീടുകളും തകര്‍ന്നു. വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങീരിക്കുകയാണ്. അധ്യായനം ആരംഭിച്ച് ഒരു മാസമായിട്ടും വിരലില്‍ എണ്ണാവുന്ന ക്ലാസുകളാണ് നടന്നത്. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയാണ്.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ ജനങ്ങളുടെ തിരാദുരിതത്തിന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും ചെയ്യുന്നില്ലന്ന് ആക്ഷേപമുണ്ട്. മഴക്കെടുതികള്‍ക്ക് മുന്‍പേ ജലാശയങ്ങളിലെ ആഴംകൂട്ടല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി നടത്തിയിരുന്നെങ്കില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് വെള്ളപ്പൊക്ക കെടുതിയില്‍നിന്ന് ഒരു പരിധിവരെ രക്ഷനേടാന്‍ കഴിയുമായിരുന്നു. ഇതിനായുള്ള ആസൂത്രണം സര്‍ക്കാര്‍ തലത്തിലോ പഞ്ചായത്ത് തലത്തിലോ ചെയ്തിരുന്നില്ല.
തോട്ടപ്പള്ളി പൊഴി തുറക്കുന്നതുപോലും കുട്ടനാട് മുങ്ങിക്കഴിഞ്ഞാണ്. വര്‍ഷാവര്‍ഷം നേരിടുന്ന പ്രതിസന്ധിക്കു ശാശ്വത പരിഹാരം കാണാത്തതിനാല്‍ കുട്ടനാട് ഉപേക്ഷിച്ച് പോകുന്ന കുടുംബങ്ങളുടെ എണ്ണവും വര്‍ധിച്ചു വരുകയാണ്.