തീരദേശ റോഡ് കാടുകയറിയ നിലയിൽ; യാത ദുഷ്കരം
1571454
Sunday, June 29, 2025 11:49 PM IST
തുറവൂര്‍: തീരദേശ റോഡിന്റെ ഇരുവശവും കാടുകയറിയതിനെത്തുടര്ന്ന് യാത്ര ദുഷ്കരം. ചെല്ലാനം മുതല്‍ തൈക്കല്‍ വരെയുള്ള തീരദേശ റോഡാണ് കാടുകയറിയിരിക്കുന്നത്. കുറ്റിക്കാടുകളും മരങ്ങളും റോഡിലേക്ക് വീണുകിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ റോഡിന്റെ മധ്യഭാഗം വരെ കാടുകയറിയ നിലയിലാണ്. കാല്‍നട യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
തീരദേശ റോഡിന്റെ വശങ്ങളില് നിരവധി സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികളാണ് ദുരന്തമുഖത്തുകൂടി യാത്ര ചെയ്യുന്നത്. ദേശീയപാതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങളും തീരദേശ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
വശങ്ങളിലെ കാടുമൂലം കുട്ടികള്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.
ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. വാഹന ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. അന്ധകാരനഴി മുതല്‍ ചെല്ലാനം വരെയുള്ള ഭാഗം റോഡിന്റെ കുറെഭാഗം കാടു പിടിച്ചുകിടക്കുകയാണ്. ഈ ഭാഗങ്ങളില്‍ റോഡ് തകര്‍ന്നുകിടക്കുന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു.
മുന്‍വര്‍ഷങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി റോഡിന്റെ വശങ്ങളിലെ കാടുകള്‍ വെട്ടിക്കളയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതും നിലച്ചിരിക്കുകയാണ്. തീരദേശ റോഡിന്റെ ഇരുവശങ്ങളിലേയും കാട്ടുകള്‍ വെട്ടി തെളിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.