അനുഗ്രഹ നിമിഷത്തിന് സാക്ഷിയാകാൻ വിശ്വാസീസാഗരം
1571467
Sunday, June 29, 2025 11:49 PM IST
മാവേലിക്കര: ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാവേലിക്കരയുടെ മണ്ണിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയായി ഡോ. മാത്യൂസ് മാർ പോളിക്കോർപ്പസ് അഭിഷിക്തനാവുന്ന സ്ഥാനാരോഹണ ശുശ്രൂഷയിലും പ്രഥമ മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിനു യാത്രയയപ്പ് നൽകാനുമുള്ള അനുഗ്രഹ നിമിഷത്തിൽ വിശ്വാസീ സാഗരം പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിലേക്ക് ഒഴുകിയെത്തി.
ബിഷപ് ഹൗസ് അങ്കണത്തിൽനിന്നും ഇന്നലെ ഉച്ചകഴിഞ്ഞ് സ്ഥാനാരോഹണ ശുശ്രൂഷയ്ക്കായി മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയെയും വിവിധ ഭദ്രാസനത്തിൽനിന്നുള്ള ബിഷപുമാരേയും കത്തീഡ്രലിലേക്ക് സ്വീകരിച്ച് ആനയിച്ചു. അനുമോദന സമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ രമേശ് ചെന്നിത്തല, എം.എസ്. അരുൺകുമാർ, യു. പ്രതിഭ, ചാണ്ടി ഉമ്മൻ, മുൻ കേന്ദ്രമന്ത്രി പ്രഫ. പി.ജെ. കുര്യൻ, അബ്ദുൽ സത്താർ മൗലവി അൽഖാസിമി, നഗരസഭാ ചെയർമാൻ നൈനാൻ സി. കുറ്റിശേരി, ഡി സിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, പന്തളം സുധാകരൻ, ഷോൺ ജോർജ്, ജോൺസൺ ഏബ്രഹാം, ജോസഫ് എം. പുതുശേരി, എബി കുര്യാക്കോസ്, കെ.ആർ. മുരളീധരൻ, അഡ്വ. കെ. കെ. അനൂപ്, സജി പായിക്കാട്ടേത്ത് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും പങ്കെടുത്തു.