കപ്പൽ കണ്ടെയ്നറുകൾ കീറാമുട്ടി; വലകള്‍ നശിക്കുന്നു
1572026
Tuesday, July 1, 2025 11:42 PM IST
ചേര്‍ത്തല: കേരള തീരത്ത് അപകടത്തില്‍പ്പെട്ട് കടലില്‍ മുങ്ങി പ്പോയ എംഎസ്സി എൽസ-3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കടലിൽ ഒഴുകിനടന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ നാശനഷ്ടം വരുത്തുന്നതായി പരാതി. വിവിധ ഭാഗങ്ങളില്‍നിന്നും മത്സ്യബന്ധനത്തിനായി പോകുന്നവരുടെ ലക്ഷങ്ങള്‍ വിലയുള്ള വലകളും യാനങ്ങളും കണ്ടെയ്നറുകളുടെ ഇരുമ്പുഭാഗങ്ങളില്‍ തട്ടി നിരന്തരമായി നശിക്കുകയാണ്.
കഴിഞ്ഞദിവസം ആലപ്പുഴയ്ക്ക് പടിഞ്ഞാറ് വിവിധയിടങ്ങളിൽ മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധനവള്ളങ്ങളുടെ വലകൾ കണ്ടെയ്നറുകളിൽ ഉടക്കി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിരുന്നു.
വലകൾ നഷ്ടമായി
ഫോർട്ട് മട്ടാഞ്ചേരിയിൽനിന്നു കടലിൽ മത്സ്യബന്ധനത്തിനായി പോയ പ്രവാചകൻ, അൽ - റഹ്മാൻ, പ്രത്യാശ, അക്വീലാസ്, ഉന്നതൻ എന്നീ വള്ളങ്ങൾക്കും വൈപ്പിൻ ഗോശ്രീപുരത്തുനിന്നു കടലിലേക്കുപോയ ആദിത്യൻ, അയ്യപ്പജ്യോതി, പരീക്ഷണം, ജലനിധി തുടങ്ങിയ വള്ളങ്ങൾക്കും തിങ്കളാഴ്ച്ച വലകൾ നഷ്ടമായി.
ശനിയാഴ്ച ഫോർട്ട് കൊച്ചിയിൽനിന്നുപോയ അറയ്ക്കൽ, പുറപ്പാട് തുടങ്ങിയ വള്ളങ്ങളുടെ വലയും കഴിഞ്ഞ ആഴ്ചയിൽ തോട്ടപ്പള്ളിയിൽനിന്നു പോയ സർവരക്ഷകൻ, ആറാട്ട്, വക്കീൽ, മായാവി, അഖിലാനന്ദന്റെ വള്ളം തുടങ്ങി ഏഴു വള്ളങ്ങളുടെ വലകളും നഷ്ടമായി. മത്സ്യബന്ധനം നടത്തുമ്പോൾ വലകൾ കണ്ടെയ്നറുകളിൽ ഉടക്കി കീറുന്നതു പതിവായ സാഹചര്യത്തിൽ ആലപ്പുഴ കടൽമേഖല ഉപേക്ഷിച്ച് മത്സ്യത്തൊഴിലാളികൾ വിവിധ മേഖലയിലേക്ക് വള്ളങ്ങളുമായി പോകേണ്ട സാഹചര്യമാണ്.
കനത്ത നിരാശ
കപ്പല്‍ അപകടം നടന്ന് ഒരുമാസം പിന്നിട്ടിട്ടും കപ്പലിലെ കണ്ടെയ്നറുകൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടികൾ സ്വീകരിക്കാത്ത സർക്കാരിന്റെ നിസംഗതമൂലമാണ് വലകൾ നഷ്ടപ്പെട്ട് മത്സ്യബന്ധനം ഉപേക്ഷിക്കേണ്ട സാഹചര്യമുള്ളത്.
തിങ്കളാഴ്ച മാത്രം ഏതാണ്ട് പത്തോളം മത്സ്യബന്ധന യാനങ്ങളുടെ വലകളാണ് കണ്ടെയ്നറുകളിൽ ഉടക്കി നശിച്ചത്. ലക്ഷങ്ങളുടെ വലയും വലയിൽ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള മത്സ്യസമ്പത്തും നശിച്ചതുമൂലം അടുത്ത ഒരാഴ്ച്ചത്തെ സീസൺ പണിക്ക് പോകാൻ പറ്റാത്ത സാഹചര്യം വള്ളം-വല ഉടമകളെയും തൊഴിലാളികളെയും കനത്ത നിരാശയിലാഴ്ത്തിരിക്കുകയാണ്.
കപ്പലപകടം വിഴിഞ്ഞം തുറമുഖത്തിന്റെ പേരിന് കളങ്കം വരുത്തുമെന്ന കാരണത്താൽ പരാതിപ്പെട്ടാൽ കേസെടുക്കാൻ പോലും തീരദേശ പോലീസ് കൂട്ടാക്കാത്ത സാഹചര്യമാണ്.
പാക്കേജ് പ്രഖ്യാപിക്കണം
വലകൾ നഷ്ടപ്പെട്ട ഉടമകൾക്കും പണിക്കു പോകാൻ പറ്റാതെ തൊഴിൽദിനങ്ങൾ നഷ്ടമാകുന്ന തൊഴിലാളികൾക്കും അടിയന്തര സഹായമായി കപ്പലപകട സ്കീമിൽ ഉള്‍പ്പെടുത്തി മുൻകൂർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ ഫിഷറീസ് വകുപ്പ് തയാറകണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മത്സ്യബന്ധവള്ളുടെ രജിസ്ട്രേഷനും ലൈസൻസ് ഫീസും ഇനത്തിൽ കോടി കണക്കിന് രൂപ ഫീഷറീസ് വകുപ്പിന് ലഭിച്ചിട്ടും അപകടങ്ങളിൽപ്പെടുന്ന മത്സ്യബന്ധയാനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയമാണ്. വിഴിഞ്ഞം തുറമുഖത്തെ സംരക്ഷിക്കാൻ വയബലിറ്റി ഫണ്ടടക്കം കോടികൾ ചിലവഴിക്കുന്ന സർക്കാർ കപ്പലപകടം സൃഷ്ടിച്ച ആഘാതത്തിൽ മത്സ്യമേഖലയെ സംരക്ഷിക്കാൻ തയാറാകണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, ജില്ലാ പ്രസിഡന്റ് രാജു ആശ്രയം, സെക്രട്ടറി ആന്റണി കുരിശുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.