മെഡിക്കൽ കോളജിൽ കംപ്യൂട്ടർ തകരാറിലായി, ഒപി കൗണ്ടറിലെ രോഗികൾ വലഞ്ഞു
1572023
Tuesday, July 1, 2025 11:42 PM IST
അമ്പലപ്പുഴ: തിരക്കേറിയ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ഒപി കൗണ്ടറിലെ കംപ്യൂട്ടർ തകരാറിലായി. നൂറുകണക്കിന് രോഗികൾ വലഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലാണ് ഇന്നലെ കംപ്യൂട്ടർ തകരാറിലായത്. ആഴ്ചയിൽ ഒരുദിവസം മാത്രം ഒപി യുള്ള ഗാസ്ട്രോളജി വിഭാഗത്തിൽ ഉൾപ്പെടെ വിവിധ ഒപികളിലായി ചികിത്സതേടി നൂറുകണക്കിന് രോഗികളാണ് രാവിലെ മുതൽ കാത്തുനിന്നത്. ഇതിനിടയിലാണ് ഒപി ടിക്കറ്റ് വിതരണം ചെയ്യുന്ന കംപ്യൂട്ടർ തകരാറിലായത്.
പിന്നീട് മണിക്കൂറുകൾ കാത്തുനിന്നശേഷം ഭൂരിഭാഗം രോഗികളും മടങ്ങിപ്പോയി. ഗാസ്ട്രോളജി വിഭാഗത്തിൽ ചികിത്സതേടാൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി അനേകം രോഗികളാണ് എത്തിയത്. കംപ്യൂട്ടർ തകരാറായെങ്കിലും പകരം സംവിധാനമേർപ്പെടുത്തി ഒപി ടിക്കറ്റ് വിതരണം ചെയ്യാനും അധികൃതർക്ക് കഴിഞ്ഞില്ല.