വള്ളികുന്നം ചിറയിൽ ടൂറിസം പദ്ധതി: നിർമാണം ഉടൻ ആരംഭിക്കും
1572017
Tuesday, July 1, 2025 11:42 PM IST
ചാരുംമൂട്: പ്രകൃതിരമണീയമായ വള്ളികുന്നം ചിറയിലെ ടൂറിസം പദ്ധതിക്കു വീണ്ടും ജീവൻവയ്ക്കുന്നു. നാലു വർഷമായി മുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
എം.എസ്. അരുൺകുമാർ എംഎൽഎയും ടൂറിസം ഉദ്യോഗസ്ഥരും നിർമാണച്ചുമതലയുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് ഉദ്യോഗസ്ഥരുംഇന്നലെ ചിറ സന്ദർശിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവിടെ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡാണ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയിരിക്കുന്നത്. ചിറയുടെ സംരക്ഷണ പ്രവർത്തനങ്ങൾ, പ്രവേശന കവാടം, പാർക്കിംഗ്, വാട്ടർ ടാങ്ക്, ആംഫി തിയറ്റർ, കുട്ടികളുടെ പാർക്ക്, പെഡസ്ട്രിയൽ ബോട്ടിംഗ്, വൈദ്യുതീകരണം, ശൗചാലയ ബ്ലോക്ക് തുടങ്ങിയവയാണ് ആദ്യഘട്ടം ഒരുക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി, മുൻ പ്രസിഡന്റ് ബിജി പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷൻ ജെ. രവീന്ദ്രനാഥ്, പഞ്ചായത്തംഗം ബി. കോമളൻ തുടങ്ങിയരും സ്ഥലം സന്ദർശിച്ചു. ചിറയിൽ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ വള്ളികുന്നം ആഭ്യന്തരടൂറിസം ഭൂപടത്തിൽ ഇടംപിടിക്കും.
ഓച്ചിറ-താമരക്കുളം റോഡിൽ പുത്തൻചന്തയിൽനിന്നു കിഴക്കോട്ട് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ചിറയിലെത്താം. വള്ളികുന്നം പഞ്ചായത്തിലെ നാലും ഏഴും വാർഡുകളിലായി 18 ഏക്കറിലാണ് ചിറ സ്ഥിതിചെയ്യുന്നത്.
ചിറയുടെ രണ്ടുവശങ്ങളിലും വിശാലമായ പുഞ്ചയാണ്. 2012 ൽ നബാർഡിൽനിന്നുള്ള ഒന്നരക്കോടി രൂപ ചെലവഴിച്ചു ചിറ നവീകരിച്ചിരുന്നു. വള്ളികുന്നത്തെ വലുതും പ്രധാനപ്പെട്ടതുമായ ചിറയോടു ചേർന്ന് അനവധി നീർച്ചാലുകളുമുണ്ട്.