ഡോക്ടർമാരുടെ സുരക്ഷ: സമൂഹം മാറിച്ചിന്തിക്കേണ്ട സമയമെന്ന് ഡോ. ഉമ്മൻ വർഗീസ്
1572029
Tuesday, July 1, 2025 11:42 PM IST
ചെങ്ങന്നൂർ: ആരോഗ്യ പ്രവർത്തകരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ചെയർമാനും ചെങ്ങന്നൂർ ഉമ്മൻ ഐ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. ഉമ്മൻ വർഗീസ്. രോഗികളെ സുഖപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നിർഭാഗ്യകരമായ ചില സാഹചര്യങ്ങളിൽ കുറ്റവാളികളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരനും ഈ വിഷയത്തിൽ തങ്ങളുടെ ചുമതല തിരിച്ചറിയണം. ഡോക്ടേഴ്സ് ദിനം, ആരോഗ്യ പ്രവർത്തകരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമാകണമെന്നും അവരെ ബഹുമാനിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.