വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
1572030
Tuesday, July 1, 2025 11:42 PM IST
തുറവൂർ: കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് കുരിശിങ്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അനീഷ് എന്ന ഇമ്മാനുവലി(32)നെയാണ് കാണാതായത്. ഇന്നലെ രാവിലെ 11ന് പള്ളിത്തോട് ചാപ്പക്കടവിനും ചെല്ലാനം ഹാർബറിനും ഇടയിലുള്ള ഭാഗത്തായാണ് വള്ളം മറിഞ്ഞത്. ചെല്ലാനം ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ ചെല്ലാനം സ്വാദേശി ജോയിയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളം ആണ് തിരയിൽപ്പെട്ട് മറിഞ്ഞത്. വള്ളത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ജോയിയും മറ്റൊരാളും നീന്തി രക്ഷപ്പെട്ടു. ഇമ്മാനുവൽ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുത്തിയതോട് പോലീസും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും മത്സ്യത്തൊഴിലാളികളും മറ്റും തിരച്ചിൽ തുടരുകയാണ്. റവന്യു, ഫിഷറീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.