പെരുമ്പളത്തിനൊരു കളിക്കളം; ദ്വീപിന്റെ കായിക സ്വപ്നങ്ങള്‍ക്കു കരുത്തുപകര്‍ന്ന് ഒരുകോടി അനുവദിച്ചു
1572021
Tuesday, July 1, 2025 11:42 PM IST
ആലപ്പുഴ: നാടിന് സ്വന്തമായി ഒരു കളിക്കളം വേണമെന്ന പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. കായിക, യുവജനകാര്യ വകുപ്പിന്റെ ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കളിക്കളം അനുവദിച്ചത്.
ഒരുകോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് കളിക്കളം നിർമിക്കുന്നത്. ഇതിനായി മൊത്തം തുകയുടെ 50 ശതമാനമായ 50 ലക്ഷം രൂപ കായികവകുപ്പ് മുടക്കും. എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആർ, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുക കണ്ടെത്തും.
രാസലഹരിയുടെ ഉപയോഗവും അക്രമവും യുവാക്കളിലും കൗമാരക്കാർക്കിടയിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങളുടെയും കായിക വിനോദങ്ങളുടെയും നല്ല ലഹരിയിലേക്ക് പുതുതലമുറയെ നയിക്കുന്നതിന് ഇത്തരം പദ്ധതികൾ ഏറെ സഹായകരമാകുമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ തുടർനടപടികൾ എത്രയും വേഗത്തിലാക്കി സ്വന്തമായി ഒരു കളിക്കളം എന്ന പെരുമ്പളം നിവാസികളുടെ സ്വപ്നം ഉടൻ യാഥാർഥ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും എംഎൽഎ പറഞ്ഞു.
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ടാണ് കായിക, യുവജനകാര്യ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് അനുവദിച്ച 36 കളിക്കളങ്ങളിൽ അഞ്ചെണ്ണമാണ് ആലപ്പുഴയ്ക്ക് ലഭിച്ചത്. ഒരെണ്ണം അരൂർ മണ്ഡലത്തിലെ പെരുമ്പളത്തും ബാക്കി നാലെണ്ണം മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര, പാലമേൽ, വള്ളികുന്നം, താമരക്കുളം പഞ്ചായത്തുകളിലുമാണ് അനുവദിച്ചത്.
പെരുമ്പളം പഞ്ചായത്തിലെ ഏഴാം വാർഡിൽ കളിക്കളം നിർമിക്കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഇവിടെ എല്ലാവിധ കായിക ഇനങ്ങൾക്കും പറ്റിയ തരത്തിലുള്ള ഗ്രൗണ്ട്, നടപ്പാത, ഓപ്പൺ ജിം, ശുചിമുറി തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുമെന്നും പെരുമ്പളത്തെ ജനങ്ങളുടെ പ്രാദേശിക ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താൻ സഹായിക്കുന്ന കേന്ദ്രമാക്കി ഇതിനെ മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ പറഞ്ഞു.