സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി പരാതി ; ഗൃഹനാഥൻ ജീവനൊടുക്കി
1572031
Tuesday, July 1, 2025 11:42 PM IST
ചാരുംമൂട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയതായി പരാതി. വള്ളികുന്നം കടുവിനാൽ മലവിളയിൽ ശശി (60) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനായിരുന്നു സംഭവം.
വീടുപണിക്കായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാവേലിക്കര കുറത്തികാട്, താമരക്കുളം എന്നീ ബ്രാഞ്ചുകളിൽനിന്നു ശശിയുടെ ഭാര്യ രാധ ഒന്നര ലക്ഷം രൂപ മൈക്രോ ഫിനാൻസ് വായ്പ എടുത്തിരുന്നു. ഇതിന്റെ കഴിഞ്ഞ ആഴ്ചയിലെ തവണ അടയ്ക്കാൻ വൈകിയതിനെ തുടർന്ന് സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ വീട്ടിൽ എത്തി ബഹളം ഉണ്ടാക്കിയെന്നും ഭീഷണി മുഴക്കിയെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെ ആണ് ഭർത്താവ് ശശി ജീവനൊടുക്കിയതെന്ന് ഭാര്യ രാധ പോലീസിന് മൊഴി നൽകി. ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് രാധ. ഫിനാൻസ് ജീവനക്കാർ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയപ്പോൾ അടയ്ക്കാനുള്ള തുകയുമായി ബസിൽ വീട്ടിലേക്ക് വരികയാണെന്നു പറഞ്ഞിട്ടും അവർ കേട്ടില്ലെന്നും രാധ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. 720 രൂപ വച്ചാണ് ആഴ്ചയിൽ അടയ്ക്കുന്നത്.
ശശി വീട്ടിൽനിന്നു പുറത്തേക്ക് പോയപ്പോൾ ജീവനക്കാർ തടഞ്ഞുനിർത്തിയതായും മരുമകളെ ശശിയുടെ മുന്നിൽ വച്ച് അപമാനിച്ചതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു. വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കറ്റാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. മക്കൾ ശരൺ,ശരത്ത്.
നടപടിയെടുക്കണം: കൊടിക്കുന്നിൽ
സുരേഷ് എംപി
ചാരുംമൂട്: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണിക്ക് ഇരയായി വള്ളികുന്നത്ത് ഗൃഹനാഥനായ ശശി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ശശിയുടെ ആത്മഹത്യക്ക് ഉത്തരവാദികളായ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ ആത്മഹത്യാപ്രേരണാക്കുറ്റത്തിൽ കേസെടുത്ത് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് എംപി ആവശ്യപ്പെട്ടു. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കർശന നിയമങ്ങൾ കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നുംഎംപി ആവശ്യപ്പെട്ടു.