ആരോഗ്യമന്ത്രി ചരിത്രപരാജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
1572024
Tuesday, July 1, 2025 11:42 PM IST
അമ്പലപ്പുഴ: ഇത്രയധികം പരാജയപ്പെട്ട ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷനുകൾ നടക്കുന്നില്ല. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ കിട്ടുന്നില്ല. അത്യാസന്ന നിലയിലായ രോഗികൾക്ക് വേണ്ടത്ര ചികിത്സ കൊടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ആവശ്യമായ ഡോക്ടർമാരുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകൾ വന്നപ്പോൾ സിസ്റ്റത്തിന്റെ തകരാർ എന്ന് പറഞ്ഞ് ഒഴിയുന്ന നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിച്ചത്. മന്ത്രി വീണാ ജോർജിൽനിന്ന് എത്രയും വേഗം ആരോഗ്യവകുപ്പ് മാറ്റണമെന്നും എംപി ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു.