മൂലം വള്ളംകളി: ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു
1572020
Tuesday, July 1, 2025 11:42 PM IST
മങ്കൊമ്പ്: ഇത്തവണത്തെ മൂലം ജലോത്സവത്തിലെ മത്സരവള്ളംകളിയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. ഇക്കുറി അഞ്ചു ചുണ്ടൻ വള്ളങ്ങൾ, മൂന്നു വീതം എ ഗ്രേഡ്, ബി ഗ്രേഡ് വെപ്പുവള്ളങ്ങളും മത്സരങ്ങളിൽ പങ്കെടുക്കും. കളിവള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നെടുമുടി സിഐ നൗഫൽ നിർവഹിച്ചു.
ചുണ്ടൻവള്ളങ്ങളുടെ ഒന്നാമത്തെ ഹീറ്റ്സിൽ ട്രാക്ക് രണ്ടിൽ നടുഭാഗം, ട്രാക്ക് മൂന്നിൽ ചെറുതന, ഹീറ്റ്സ് രണ്ട്-ട്രാക്ക് ഒന്നിൽ ആയാപറമ്പ് പാണ്ടി, ട്രാക്ക് രണ്ടിൽ ചമ്പക്കുളം, ഹീറ്റ്സ് മൂന്ന്- ട്രാക്ക് മൂന്നിൽ ആയാപറമ്പ് വലിയദിവാൻജി. ബി ഗ്രേഡ് വെപ്പു വള്ളങ്ങളുടെ മത്സരത്തിൽ ട്രാക്ക് ഒന്നിൽ പി.ജി. കരിപ്പുഴ, ട്രാക്ക് രണ്ടിൽ ചിറമേൽ തോട്ടുകടവൻ, ട്രാക്ക് മൂന്നിൽ പുന്നത്ര പുരയ്ക്കൽ എന്നീ വള്ളങ്ങളും മത്സരിക്കും. എ ഗ്രേഡ് വെപ്പു വള്ളങ്ങളുടെ വിഭാഗത്തിൽ ട്രാക്ക് ഒന്നിൽ നവജ്യോതി, ട്രാക്ക് രണ്ടിൽ അമ്പലക്കടവൻ, ട്രാക്ക് മൂന്നിൽ മണലി എന്നീ വള്ളങ്ങളുമാകും ഏറ്റുമുട്ടുക. ചമ്പക്കുളം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി യോഗം ഉദ്ഘാടനം ചെയ്തു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജാകുമാരി, എം.എസ്. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.