റോഡ് പുഴയായി, വ്യാപാര സ്ഥാപനങ്ങൾ പൂട്ടി
1572335
Thursday, July 3, 2025 12:05 AM IST
മാന്നാർ: മഴ പെയ്താൽ പരുമലയിലെ ഏറ്റവും പ്രധാന റോഡ് പുഴയാകുന്നതിനാൽ യാത്ര ദുഷ്കരമാകുന്നു. മാന്നാർ -ചെങ്ങന്നൂർ റോഡിൽ പരുമല ആശുപത്രിക്കും തിക്കപ്പുഴ ജംഗ്ഷനും മധ്യഭാഗത്തായിട്ടാണ് റോഡിൽ വൻ വെള്ളക്കെട്ട്. അര കിലോമീറ്ററോളം റോഡ് നദിയായി മാറി. നിരവധി വാഹനങ്ങൾ പരുമല ആശുപത്രി, പരുമല പള്ളി എന്നിവിടങ്ങളിലേക്കും മാന്നാർ ടൗണിലേക്കും പോകുന്ന റോഡിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്.
മാവേലി സ്റ്റോർ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ വെള്ളക്കെ ട്ട് ഭാഗത്തുണ്ട്. അടുത്ത നാളുകളിൽ സ്ഥിരമായി മഴ പെയ്തതോടെ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആരും എത്താതായി. ഇതേത്തുടർന്ന് രണ്ട് വ്യാപാര സ്ഥാപനങ്ങൾ പൂട്ടി ഇവിടെനിന്നു മാറി പോയി. വെള്ളക്കെട്ടിനു പരിഹാരം ഉണ്ടായില്ലെങ്കിൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾ കൂടി പൂട്ടേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു.
ഇവിടത്തെ വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാത്തതാണ് കുഴപ്പങ്ങൾക്ക് കാരണം. ഈ ഭാഗം മണ്ണിട്ടുയർത്തി ഓട നിർമിച്ചാൽ ഇവിടത്തെ വെള്ളത്തിനു പരിഹാരം കാണാൻ കഴിയുമെന്ന് വ്യാപാര സമിതി സെക്രട്ടറി ഡൊമിനിക് ജോസഫ് പറഞ്ഞു.