റോഡ് കൈയേറി അനധികൃത ബോര്‍ഡുകൾ: പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് ആക്ഷേപം
1572332
Thursday, July 3, 2025 12:05 AM IST
മാവേലിക്കര: മിച്ചല്‍ ജംഗ്ഷന് തെക്ക് ഭാഗത്ത് റോഡ് കൈയേറി അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചതായി പരാതി. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം.
മിച്ചല്‍ ജംഗ്ഷന് തെക്ക് ഭാഗത്ത് സിനിമാ തിയറ്ററിന് എതിര്‍വശമുള്ള ഷോപ്പിംഗ് കോംപ്ലക്സിന് മുന്പിലായാണ് റോഡ് കൈയേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
നഗരത്തിന്റെ ഹൃദയഭാഗം റോഡരികിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പര്യാപ്തമല്ലാത്തതിനാല്‍ പൊതുജനം ആശ്രയിക്കുന്ന ഇടങ്ങളാണ് കെഎസ്ആര്‍ടിസി മുതല്‍ വള്ളക്കാലില്‍ തിയറ്റര്‍ വരെയുള്ള ഭാഗം. ഇവിടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനോ അരികിലേക്ക് ഒതുക്കാനോ പോലുമോ കഴിയാത്ത തരത്തിലും കാല്‍നട യാത്രികര്‍ക്ക് അപകടം ഉണ്ടാക്കത്തക്ക വിധത്തിലുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
സംഭവം റോഡുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിഷയത്തില്‍ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.