ഓഫീസ്-കം-ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം ജീർണാവസ്ഥയിൽ
1572322
Thursday, July 3, 2025 12:05 AM IST
ചെങ്ങന്നൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ നഗരസഭയുടെ ഓഫീസ്-കം-ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിൽ. വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെ ദിവസേന നിരവധി പേർ ആശ്രയിക്കുന്ന കെട്ടിടം ഏതു നിമിഷവും തകരാമെന്ന ഭയത്തിലാണ്. കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിർമാണമാണ് നിലവിലെ ബലക്ഷയത്തിന് പ്രധാന കാരണം.
നാലു പതിറ്റാണ്ടിലേറെയായി ആദ്യഘട്ട നിർമാണം പൂർത്തിയായിട്ട്. രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കിയത് 2002 ഏപ്രിലിലാണ്. അന്നു മുതലാണ് നഗരസഭ ഓഫീസ് ഇവിടെ പ്രവർത്തിച്ചുതുടങ്ങിയത്. നിലവിൽ നഗരസഭ ഓഫീസിനു പുറമേ നിരവധി വ്യാപാര സ്ഥാപനങ്ങളും ഈ മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിനോട് ചേർന്നാണ് ചെങ്ങന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡും പ്രവർത്തിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഹാളിന്റെ കോൺക്രീറ്റ് തറ അടർന്നു വീഴുകയും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തിരുന്നു. ഇതിന് താഴെയാണ് നഗരസഭയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. അവധി ദിവസമായതുകൊണ്ട് അന്ന് വലിയ ദുരന്തം ഒഴിവായി. പിന്നീട് ഈ ഭാഗം ഇരുമ്പ് വേലികൾ കെട്ടി സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ഇപ്പോൾ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നഗരസഭ ഓഫീസിന്റെ കോൺക്രീറ്റ് സീലിംഗ് അടർന്നുവീണ് കമ്പികൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
അപകടം ഏതു നിമിഷവും സംഭവിക്കാവുന്ന അവസ്ഥയിൽ ഭീതിയോടെയാണ് ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടത്തിനായുള്ള നടപടികൾ ഇഴയുകയാണ്. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണെന്ന റിപ്പോർട്ടുകളുള്ളതിനാൽ നിലവിലെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് നഗരസഭ എൻജിനിയറിംഗ് വിഭാഗം അനുമതി നൽകുന്നില്ല.
കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നഗരസഭ മന്ത്രിയും സ്ഥലം എംഎൽഎയുമായ സജി ചെറിയാനെ സമീപിച്ചിരുന്നു. നഗരസഭ മുൻപ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനായി രണ്ടു വർഷം മുൻപ് സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നഗരസഭ അധികൃതർ പറയുന്നു.
നഗരസഭ മുൻപ് പ്രവർത്തിച്ചിരുന്ന 14 സെന്റ് സ്ഥലത്ത് പുതിയ മന്ദിരം നിർമിക്കാൻ നഗരസഭയ്ക്കു പദ്ധതിയുണ്ട്. സർക്കാർ രണ്ടു വർഷം മുൻപ് പ്രഖ്യാപിച്ച തുക പുതിയ കെട്ടിട നിർമാണത്തിന് അപര്യാപ്തമാണ്. വായ്പയെടുത്താൽ മാത്രമേ പുതിയ മന്ദിരം നിർമിക്കാൻ സാധിക്കൂ.
അഡ്വ. ശോഭ വർഗീസ് (നഗരസഭാ ചെയർപേഴ്സൺ)
വർഷങ്ങൾക്ക് മുൻപ് നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും നിരവധി തവണ അത് മുടങ്ങിയതാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിനു കാരണമായത്. കെട്ടിടത്തിന്റെ മുകൾഭാഗങ്ങൾ അടർന്നുവീഴുകയാണ്. ചോർച്ചയും പതിവാണ്. അറ്റകുറ്റപ്പണികൾ കാലാകാലങ്ങളിൽ നടത്തിയിട്ടുണ്ടെങ്കിലും വലിയ തുക ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയാലും ബലക്ഷയം പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഫണ്ട് കണ്ടെത്തി പുതിയ ഓഫീസ് കെട്ടിടം നിർമിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കെ. ഷിബുരാജൻ (വൈസ് ചെയർമാൻ ചെങ്ങന്നൂർ നഗരസഭ)