പള്ളിക്കൂട്ടുമ്മ-താലൂക്ക് ആശുപത്രി റോഡ് ഉയർത്തണം: ജനാധിപത്യ കേരള കോൺഗ്രസ്
1572326
Thursday, July 3, 2025 12:05 AM IST
മങ്കൊമ്പ്: പള്ളിക്കൂട്ടുമ്മ -നീലംപേരൂർ റോഡിന്റെ ഭാഗമായ പള്ളിക്കൂട്ടുമ്മ-താലൂക്ക് ആശുപത്രി റോഡ് ഗതാഗതയോഗ്യമല്ലാതായ സാഹചര്യത്തിൽ എസി റോഡിനൊപ്പം ഉയർത്തി ഗതാഗതയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചമ്പക്കുളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പുളിങ്കുന്നിലെ താലൂക്ക് ആശുപത്രിയിലേക്ക് എത്താനുള്ള ഏകമാർഗമായ റോഡ് സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യത്തിൽ എസി റോഡിന്റെ ഉയരത്തിൽ പുനർനിർമിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷിബു മണല ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ ഇതര റോഡുകൾ മുഴുവൻ ശോച്യാവസ്ഥയിലായതിനാൽ താലൂക്ക് ആശുപത്രിയിൽ എത്താനുള്ള ഏക മാർഗമായ റോഡ് അടിയന്തരമായി നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ മുടന്താഞ്ഞിലി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് സാണ്ടർ, ഫില്ലമ്മ ജോസഫ്, ലിസമ്മ ജോൺസൺ, സജി കല്ലൂത്തറ, ജോസി കണ്ടത്തിപ്പറമ്പിൽ, ലിജോ പാലാത്തറ, ജോയിക്കുട്ടി പെരുമ്പള്ളി, മാത്യു ജോസഫ് തുറവശേരി എന്നിവർ പ്രസംഗിച്ചു.