ഇനിയും പൂര്‍ത്തിയാകാതെ നഗരഹൃദയത്തിലെ മൂന്നു പാലങ്ങൾ
1572330
Thursday, July 3, 2025 12:05 AM IST
ആലപ്പുഴ: രണ്ടുമാസംകൊണ്ട് പുനര്‍നിര്‍മിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി പൊളിച്ചുനീക്കിയ നഗരഹൃദയത്തിലെ മൂന്നു പാലങ്ങളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായില്ല. കൊമ്മാടി പാലത്തിനു സമീപമുള്ള പോപ്പി പാലം, ആറാട്ടുവഴി പാലം, നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപമുള്ള വെള്ളാപ്പള്ളി പാലം തുടങ്ങി മൂന്നു പാലങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായെങ്കിലും റോഡ് പൂര്‍വസ്ഥിതിയിലെത്തിയില്ല.
സ്കൂള്‍ കുട്ടികളാണ് കൂടുതലും ബുദ്ധിമുട്ടുന്നത്. അപ്പുറത്തെ വശത്തെത്താന്‍ ചുറ്റിപ്പോകേണ്ട അവസ്ഥയാണ്. സ്കൂള്‍ തുറക്കുംമുന്പെങ്കിലും നിര്‍മാണം പൂര്‍ത്തിയാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍, മൂന്നു പാലങ്ങളും നിര്‍മിച്ചെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം നീണ്ടുപോകുകയാണ്.
വെള്ളാപ്പള്ളി പാലം പണി തീര്ന്നുകിടക്കാന് തുടങ്ങിയിട്ട് മാസങ്ങളായി. അനുബന്ധ പാത നിര്‍മിച്ചില്ലെങ്കിലും നിര്‍മാണം നടക്കുന്ന പാലത്തിലൂടെ ആളുകള്‍ സഞ്ചരിക്കാന്‍ തുടങ്ങി. കുറച്ചു ചെമ്മണ്ണു കൂടിയിട്ട് റോഡ് പാലത്തിന്റെ നിരപ്പിലാക്കിയാല് പോപ്പി, ആറാട്ടുവഴി പാലങ്ങളിലൂടെ തത്കാലം ഇരുചക്രവാഹനങ്ങളെങ്കിലും കടന്നുപോകുമെന്നാണു നാട്ടുകാര്‍ പറയുന്നത്. പക്ഷേ, മഴയും ബാക്കിയുള്ള പണികളും കാരണം ഇത് എളുപ്പത്തില്‍ സാധ്യമല്ലെന്ന് അധികൃതര്‍ പറയുന്നു. നാലുമീറ്റര്‍ വീതിയിലാണ് പോപ്പി പാലത്തിന്റെ നിര്‍മാണം.
ആംബുലന്‍സ് കയറുന്ന വീതിയിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. വലിയ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാവുന്ന തരത്തില്‍ 7.5 മീറ്റര്‍ വീതിയിലാണ് വെള്ളാപ്പള്ളി പുതിയ പാലം. കാല്‍നടയാത്രക്കാര്‍ക്കായി പാലത്തിന് ഇരുവശത്തും ഒരുമീറ്റര്‍ വീതമുള്ള നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. 12 സ്പാനോടുകൂടി 13.5 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിനടിയിലൂടെ ബോട്ടുകള്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ തൂണുകള്‍ ഒഴിവാക്കിയാണ് നിര്‍മാണം നടത്തിയത്.
ആറു മീറ്റര്‍ വീതിയിലാണ് ആറാട്ടുവഴി പാലത്തിന്റെ നിര്‍മാണം. കൃത്യമായി ചെയ്താല്‍ ഒഴാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തികളേ മൂന്നു പാലങ്ങള്ക്കുമുള്ളെന്നു നാട്ടുകാര്‍ പറയുന്നു.