വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1572690
Friday, July 4, 2025 4:55 AM IST
തുറവൂർ: കടലിൽ മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് കുരിശിങ്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അനീഷ് എന്ന ഇമ്മാനുവലിന്റെ (32) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സും തീര സംരക്ഷണസേനയും പോലീസും നടത്തിയ തെരച്ചിലിനിടെ ഇന്നലെ പുലർച്ചെ അന്ധകാരനഴി കടപ്പുറത്ത് മൃതദേഹം അടിയുകയായിരുന്നു.
ചൊവ്വാഴ്ച 11ന് പള്ളിത്തോട് ചാപ്പക്കടവിനും ചെല്ലാനം ഹാർബറിനും ഇടയിലുള്ള ഭാഗത്തായാണ് വള്ളം മറിഞ്ഞത്. ചെല്ലാനം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ചെല്ലാനം സ്വദേശി ജോയിയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളം ആണ് തിരയിൽപ്പെട്ട് മറിഞ്ഞത്. വള്ളത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ജോയിയും മറ്റൊരാളും നീന്തി രക്ഷപ്പെട്ടു. ഇമ്മാനുവൽ തിരയിൽപ്പെടുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ആൻമേരി (മാളു). മകൻ: സെയാൻ.