മധ്യകേരളത്തിലെ ആദ്യ മള്‍ട്ടി ഡിസിപ്ലിനറി ഐസിയു ചെത്തിപ്പുഴ ആശുപത്രിയില്‍
1572693
Friday, July 4, 2025 4:55 AM IST
ചങ്ങനശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ അന്തര്‍ദേശീയ നിലവാരമുള്ള മധ്യകേരളത്തിലെ ആദ്യ മള്‍ട്ടി ഡിസിപ്ലിനറി ഐസിയു തുറന്നു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ഓര്‍ഗന്‍ ഫേയ്ലിയര്, സെപ്സിസ്ട്രാമ, സ്ട്രോക് എന്നീ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് സമഗ്രചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്ന അത്യാധുനിക സംവിധാനമാണ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടേഴ്സിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്.
പക്ഷാഘാതം, പരിക്ക്, ശസ്ത്രക്രിയ എന്നിവക്കുശേഷം ദൈനംദിന ജീവിതത്തില്‍ ശാരീരിക ശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഫിസിക്കല്‍ മെഡിസിന് റീഹാബിറ്റേഷന് യൂണിറ്റ്, ഉറക്കത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന സ്ലിപ് ലാബ് എന്നിവയും ഉദ്ഘാടനം ആരംഭിച്ചു. ആശുപത്രി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ച്ചിറ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, വയലാര്‍ ശരത് ചന്ദ്ര വര്‍മ എന്നിവര്‍ പ്രസംഗിച്ചു.