ഡിജിറ്റൽ സർവേയിൽനിന്ന് എടത്വ വില്ലേജിനെ ഒഴിവാക്കി
1572678
Friday, July 4, 2025 4:54 AM IST
എടത്വ: ഭൂമി തരംമാറ്റൽ നടപടിയുടെ ഭാഗമായി വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കാൻ ഒരുങ്ങുന്ന ഡിജിറ്റൽ സർവേയിൽനിന്ന് എടത്വ വില്ലേജിനെ ഒഴിവാക്കിയതായി പരാതി. ആദ്യഘട്ടമായി കുട്ടനാട്ടിലെ പുളിങ്കുന്ന്, വെളിയനാട് വില്ലേജുകളെയും രണ്ടാം ഘട്ടമായി കൈനകരി വടക്ക് വില്ലേജിനെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിൽ ഡിജിറ്റൽ സർവേ നടപടി ആരംഭിച്ചു. നടപടിയുമായി ബന്ധപ്പെട്ട് 15 അംഗ സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. എടത്വ വില്ലേജിൽ റീസർവേ നടപടി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങൾ എടത്വയിൽ നടന്നിരുന്നു.
പ്രതിഷേധത്തെത്തുടർന്ന് റവന്യു വകുപ്പ് പ്രാരംഭ നടപടി ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങിയിരുന്നു. വീട് നിർമാണം മുതൽ കുട്ടികളുടെ പഠന ആവശ്യത്തിനുള്ള ബാങ്ക് ലോൺ നടപടി വരെ പ്രതിസന്ധിയിലാണ്. കഴിഞ്ഞവർഷം നടപടിക്കു വീണ്ടും ആക്കം വച്ചതോടെ പ്രതീക്ഷയിലായിരുന്നു എടത്വ നിവാസികൾ. നൂറുകണക്കിന് ഗുണഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ് ഡിജിറ്റൽ സർവേയിൽനിന്ന് എടത്വ വില്ലേജിനെ ഒഴിവാക്കിയത്.
ഇതിനെതിരേ ശക്തമായ പ്രതിഷേധ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഗുണഭോക്ത ൃ സംഘടനകൾ. ആലോചന യോഗത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ ബേബി എടത്വ, എ.എസ്. സുനിമോൻ, എൻ.ജെ. സജീവ്, തങ്കച്ചൻ ആശാംപറമ്പിൽ, ബിജു ദാമോദരൻ, ജി.കെ. പാർഥൻ, മോൻസി സോണി എന്നിവർ പ്രസംഗിച്ചു.