കോൺക്രീറ്റ് അടർന്നുവീണിട്ടും രോഗികളെ കിടത്തിച്ചികിത്സിക്കുന്നു
1572947
Friday, July 4, 2025 11:40 PM IST
ആലപ്പുഴ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം വിവാദമായിരിക്കേ, ആലപ്പുഴ ജനറൽ ആശുപത്രിയിലെ കെട്ടിടത്തിന്റെ ബലക്ഷയത്തിലും ആശങ്ക. കെട്ടിടത്തിന്റെ കോൺക്രീറ്റ് പലതവണ അടർന്നുവീണിട്ടും ഇപ്പോഴും രോഗികളെ ഇവിടെ കിടത്തിച്ചികിത്സിക്കുകയാണ്.
സർജറി, മെഡിസിൻ (പുരുഷ വിഭാഗം), മെഡിസിൻ ഐസിയു, ഡയാലിസിസ് യൂണിറ്റ്, സിടി സ്കാൻ തുടങ്ങിയവയാണ് ബലക്ഷയമുള്ള കട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
കോട്ടയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഭാഗങ്ങളും ഈ കെട്ടിടത്തിൽനിന്നു മാറ്റണമെന്നാണ് ആവശ്യം. രണ്ടുവർഷം മുൻപാണ് ജനറൽ ആശുപത്രിയിലെ മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നുവീണു തുടങ്ങിയത്. ഇത് ആവർത്തിച്ചതോടെ പൊതുമരാമത്ത് അധികൃതർ പരിശോധിച്ച് ഫിറ്റ്നസില്ലെന്ന് കണ്ടെത്തിയിരുന്നതാണെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.
എന്നാൽ, കോൺക്രീറ്റ് അടർന്ന ഭാഗത്തുനിന്ന് മറ്റിടങ്ങളിലേക്കു രോഗികളെ മാറ്റിക്കിടത്തുകയായിരുന്നു. അവിടെയും കോൺക്രീറ്റ് അടർന്നുവീണതോടെ പിന്നെയും മാറ്റിക്കിടത്തി. ഈ രീതിയാണ് തുടരുന്നത്. ഇതിൽ ഡോക്ടർമാർക്കടക്കം എതിർപ്പുണ്ട്. ജനറൽ ആശുപത്രിക്ക് 150 കോടിയോളം രൂപ മുടക്കി കിഫ്ബിയിൽ ഒപി സമുച്ചയം പണിതിരുന്നു. ഇതേ മാതൃകയിൽ ഐപി സമുച്ചയം പണിയണമെന്ന് രണ്ടു വർഷം മുൻപേ ആവശ്യമുയർന്നതാണ്. എന്നാൽ, അടുത്തിടെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ മാത്രമാണ് അതു പരിഗണിച്ചത്.
ഏഴുകോടി രൂപയുടെ കെട്ടിടം നിർമിക്കാനുള്ള ടെൻഡറായിട്ടുണ്ടെന്നാണ് പറയുന്നത്. പഴയ ഒപി കെട്ടിടം പൊളിച്ചുനീക്കിയാണ് കെട്ടിടം നിർമിക്കുന്നത്. ഇവിടേക്ക് പുതിയ ഒപി സമുച്ചയത്തിലെ ഒപി മാറ്റി അവിടെ കിടത്തിച്ചികിത്സയ്ക്കായി നീക്കിവയ് ക്കാനാണ് ആലോചിക്കുന്നത്. പുതിയ കെട്ടിടം ടെൻഡർ നടപടികഴിഞ്ഞ് പൂർത്തിയാകണമെങ്കിൽ രണ്ടുവർഷമെങ്കിലും വേണ്ടിവരും. അത്രയും നാൾ രോഗികൾ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ കഴിയേണ്ട അവസ്ഥയാണ്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വണ്ടാനത്തേക്കു മാറ്റിയപ്പോൾ ഒഴിവുവന്ന കെട്ടിടമാണ് ജനറൽ ആശുപത്രി കിടത്തിച്ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഇതിന് 62 വർഷത്തോളം പഴക്കമുണ്ട്. മഴ ശക്തമാകുന്നതോടെ കോൺക്രീറ്റ് ഇനിയും വീഴാനിടയുണ്ട്.