കാടും പോളയും പായലും നിറഞ്ഞ് നാമ്പുകുളം
1572948
Friday, July 4, 2025 11:40 PM IST
കറ്റാനം: നാമ്പുകുളം പാമ്പുകുളമായി മാറുന്നുവെന്ന് പരാതി. ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരുന്ന നീന്തല്‍ കുളമാണ് ഇപ്പോള്‍ കാടും പോളയും പായലും നിറഞ്ഞ് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നത്. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കുളം വൃത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രതിദിനം കുളത്തില്‍ മാലിന്യങ്ങളും കുപ്പികളും നിക്ഷേപിക്കുന്നതിനെതിരേ നടപടിയുമില്ല. ജില്ലാ സ്കൂള്‍ അത്ലറ്റിക് വേദിയാക്കാനായി തെരഞ്ഞെടുത്ത കുളമാണ് അനാഥമായിപ്പോയത്.
എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച 24 ലക്ഷം രൂപയ്ക്ക് 2014 ഏപ്രില്‍ 15നാണ് വാട്ടര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള പാര്‍ശ്വഭിത്തികള്‍ പൊളിച്ചുമാറ്റി പുതിയത് നിര്മിക്കാനാരംഭിച്ചെങ്കിലും കരാറുകാരന് പാതിവഴിയില്‍ ഉപേക്ഷിച്ചുപോയി.
എന്നാല്‍, തുടര്‍ന്ന് ഇതിനൊരു പരിഹാരം കാണാന്‍ കഴിയാതെ പോയത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുളത്തിന്റെ തിട്ടകളും വശത്തുകൂടി കട്ടച്ചിറ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
അപരിചിതര്‍ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഒട്ടേറെ പേര് ഈ കുളത്തില്‍ വീഴുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നാട്ടിലെ ജനങ്ങളെല്ലാം ഒരു കാലത്ത് കുളിക്കാനും അലക്കാനുമെല്ലാം ഈ കുളത്തിനെയാണ് ആശ്രയിച്ചിരുന്നത്. ഇവിടെനിന്നും നീന്തല്‍ പഠിച്ച അനേകം പേര് നാട്ടിലുണ്ട്. മാവേലിക്കര താലൂക്കിലെ 50 മീറ്റര്‍ നീളമുള്ള ഏക കുളമാണ് ഇത്. അതുകൊണ്ടാണ് നീന്തല്‍ മത്സരങ്ങള്‍ നടത്താനായി തെരഞ്ഞെടുത്തത്. 25 വര്‍ഷത്തിലേറെയായി ഉപജില്ലാ സ്കൂള്‍ അത്ലറ്റിക് മത്സരങ്ങള്‍ ഇവിടെയാണ് നടന്നിരുന്നത്.
തുടര്‍ന്നാണ് വാട്ടര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുളത്തിന്റെ ആഴം കൂട്ടുകയും പില്ലറുകളും കമ്പികളും മറ്റും കുളത്തിലാക്കുകയും ചെയ്തതിനാല്‍ നാട്ടുകാര്‍ക്കും പിന്നീട് ഈ കുളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഒരു നാടിന്റെ ജലസ്രോതസാസാകണം എന്നാവശ്യപ്പെട്ട് പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും എംഎല്‍എക്കും നിവേദനം നല്‍കുമെന്ന് ഇന്ദിരാ സാംസ്കാരിക സമിതി പ്രസിഡന്റ് ടി.ടി. സജീവന് അറിയിച്ചു.