കുട്ടനാട്ടില്‍ ആശുപത്രി സൗകര്യമൊരുക്കി മാമ്പുഴക്കരി ക്രിസ് സെന്റർ
1572956
Friday, July 4, 2025 11:40 PM IST
ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ കുട്ടനാട് റിസര്‍ച്ച് ആന്‍ഡ് റിവൈവല്‍ ഇനിഷ്യേറ്റീവ് സൊസൈറ്റിയും (ക്രിസ്) ചെത്തിപ്പുഴ ആശുപത്രിയുമായി സഹകരിച്ച് മാമ്പുഴക്കരി ക്രിസ് സെന്ററില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി മഴക്കാല രോഗീപരിചരണത്തിനായി ക്ലിനിക് ആരംഭിച്ചു.
ഉദ്ഘാടനം മൂന്നിന് ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. മൂന്നു മാസത്തേക്ക് ഈ ആരോഗ്യ പരിപാലന കേന്ദ്രത്തില്‍ എത്തിച്ചേരുന്ന എല്ലാവര്ക്കും കണ്സള്ട്ടേഷന് ഇനത്തില്‍ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. കണ്സള്ട്ടേഷന് തികച്ചും സൗജന്യമായിരിക്കും. മരുന്നുകള്‍ക്കുള്ള കുറഞ്ഞ വില മാത്രം നല്കിയാല് മതി.
രണ്ടു ഡോക്ടര്‍മാരുടെ വിദഗ്ധമായ സേവനവും രാവിലെ 6.30 മുതല്‍ 7 30 വരെ രക്തപരിശോധനാ സംവിധാനങ്ങളും രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറുവരെ ആശുപത്രി പരിശോധനാ സംവിധാനങ്ങളും ഇവിടെ ആഴ്ചയിലെ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഉണ്ടായിരിക്കും.
യോഗത്തില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ക്രിസ് രക്ഷാധികാരിയുമായ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. കുട്ടനാട്ടിലെ ജനതയെ സഹായിക്കുന്ന നവംനവമായ പദ്ധതികളുമായി അതിരൂപത ഇനിയും മുന്നോട്ടുവരുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആശുപത്രിയില്‍ ഓപി സൗകര്യം എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ ആറുവരെ ഉണ്ടായിരിക്കുന്നതാണ്. രാവിലെ ആറര മുതല്‍ ഏഴര വരെ ബ്ലഡ് കളക്ഷന്‍ സൗകര്യവും ആവശ്യപ്പെടുന്നവര്‍ക്കായി നല്‍കുന്നതാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി ചെത്തിപ്പുഴ ആശുപത്രിയില്‍ മറ്റു സൗകര്യങ്ങള്‍ ലഭ്യമാണ്. ചെത്തിപ്പുഴ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍, സിസ്റ്റര്‍ ഡോ. ഗിഫ്റ്റി ഘടഉജ , ഫാ. ജോഷി മുപ്പത്തില്ച്ചിറ, ടോം ജോസഫ് ചമ്പക്കുളം, ഡോ. ജിജി ജേക്കബ്, പോള്‍ മാത്യു എന്നിവര്‍പ്രസംഗിച്ചു.