സഭയെക്കുറിച്ച് ആഴത്തിൽ പഠിക്കണം: മാർ ജോസഫ് പണ്ടാരശേരിൽ
1573595
Sunday, July 6, 2025 11:46 PM IST
കല്ലിശേരി: ക്നാനായ കൂട്ടായ്മകളിൽ നമ്മുടെ സമുദായ അംഗങ്ങൾ സഭയെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള വേദികൾ കൂടിയാക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. ക്നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിച്ചതിന്റെയും 104-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേഷിത സന്ദേശവുമായി ക് നാനായ സമുദായം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും എത്തിച്ചേർന്നിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് ഗീവർഗീസ് മാർ അപ്രേം പറഞ്ഞു. ഉമയാറ്റുകര ഓർത്തഡോക്സ് ഇടവക കുരിശടിയിൽ നിന്നാരംഭിച്ച പുനരൈക്യ റാലിയോടെയാണ് പരിപാടികൾക്കു തുടക്കമായത്.
പ്രൊ-പ്രോട്ടോസിഞ്ചലൂസ് ഫാ. തോമസ് ആനിമുട്ടിൽ, ഫാ. റെന്നി കട്ടേൽ, സാബു പാറാനിക്കൽ, സൽവി തയ്യിൽ, ഏയ്ബു നെടിയുഴത്തിൽ, ജെസി ചെറുമണത്ത് എന്നിവർ പ്രസംഗിച്ചു. മലങ്കര ഫൊറോനയിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു. 1921 ജൂലൈ 5നാണ് കേരള കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കൽപ്പന റോമിൽ നിന്നുണ്ടായത്.