അർത്തുങ്കൽ ഹാർബർ നിർമാണത്തിന് കല്ലുകള്‍ എത്തുന്നു
1573281
Sunday, July 6, 2025 3:23 AM IST
ചേര്‍ത്തല: അർത്തുങ്കൽ ഹാർബർ നിർമിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സത്യഗ്രഹ സമരം 100 ദിവസം പിന്നിട്ടു. 101-ാം ദിവസം ഹാർബർ എൻജിനിയറിംഗ് ഓഫീസിനു മുന്നിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധ ആങ്കറിംഗ് സമരം നടക്കുന്നതിനിടെ നിർമാണത്തിനുള്ള കല്ലുമായി ടോറസ് വണ്ടികൾ വന്നത് സമരക്കാർക്ക് ആവേശമായി.
ആങ്കറിംഗ് സമരം കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്ന ഫാ. ജോസ് കളീക്കൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ അനുവദിച്ച 163 കോടി രൂപ ഉണ്ടായിട്ടും ഹാർബർ നിർമാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ചാണ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിംഗ് ഓഫീസിനു മുന്നിൽ മത്സ്യത്തൊഴിലാളികളും സ്ത്രീകളും സത്യഗ്രഹം ആരംഭിച്ചത്.
തീരഗ്രാമങ്ങളിൽ പ്രതിഷേധം ശക്തി പ്രാപിച്ചതയോടെയാണ് നിർമാണത്തിനുള്ള ക്രെയിനും ട്രെട്രോപാടും സാമഗ്രികളും എത്തിത്തുടങ്ങിയത്. ആങ്കറിംഗ് സമരം പ്രഖ്യാപിച്ചതിനു ശേഷം നിർമാണത്തിനുള്ള സാമഗ്രികൾ എത്തുകയും സമരത്തിനിടെ കരിങ്കല്ലുമായി ടോറസ് ലോറികൾ എത്തിയതോടെ സത്യഗ്രഹ സമരം താത്കാലികമായി നിർത്താനും കാവൽസമരം തുടരാനും സമരസമിതി തീരുമാനിച്ചതായി അധ്യക്ഷത വഹിച്ച ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ പ്രഖ്യാപിച്ചു.
സമരത്തിനിടയിൽ കല്ലുമായെത്തിയ വാഹനത്തെ ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ ഫ്ലാഗ് ഓഫ് ചെയ്ത് ജനങ്ങളുടെ അകമ്പടിയോടെ നിർമാണ സ്ഥലത്ത് എത്തിച്ചാണ് സമരം അവസാനിപ്പിച്ചത്. സെപ്റ്റംബറില്‍ പുലിമുട്ടുകളുടെ നിർമാണം കടലിൽ തുടങ്ങുന്നതിനുള്ള കരിങ്കല്ലാണ് ഇപ്പോൾ സ്റ്റോക്ക് ചെയ്യുന്നത്. ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ, രാജു ആശ്രയം, ആന്റണി കുരിശിങ്കൽ, ഷൈനി ജോഷി, ഔസേപ്പച്ചൻ പള്ളിക്കതയ്യിൽ, ജയറാണി ജീവൻ, സൂസൻ തുടങ്ങിയവർ പ്രസംഗിച്ചു.