ചെങ്ങന്നൂരിൽ കാർ തീവച്ച് നശിപ്പിച്ച സംഭവം: പ്രതി റിമാൻഡിൽ
1573278
Sunday, July 6, 2025 3:23 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കാർ തീവച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുളക്കുഴ ഇടയനേത്ത് വീട്ടിൽ സലിംകുമാറാണ് (അനൂപ്-37) ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 12.30 ഓടെയാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു പിറകിൽ താമസിക്കുന്ന തിട്ടമേൽ കോണത്തേത്ത് പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാർ തീയിട്ട് നശിപ്പിച്ചത്.
രാജമ്മയുടെ വീടുമായുള്ളമുൻ വൈരാഗ്യമാണ് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെയാണ് മുളക്കുഴയിലെ വീടിനു സമീപത്തുനിന്ന് ഇയാളെ പിടികൂടിയത്.
വാഹനം കത്തിക്കാൻ ആവശ്യമായ പെട്രോൾ എവിടെനിന്ന് വാങ്ങിയെന്നും കൈകൾക്കു പൊള്ളലേറ്റ് ആശുപത്രികളിൽ ആരെങ്കിലും ചികിത്സതേടിയിട്ടുണ്ടോയെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചെങ്ങന്നൂരിലെ ഒരു പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് ഇയാളുടെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരവേയാണ് ഇയാൾ പിടിയിലായത്. ചെങ്ങന്നൂർ ഡിവൈഎസ്പി എം. ബിനുകുമാറിന്റെ നിർദേശത്തെത്തുടർന്ന് സിഐ എസി. വിപിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.