രാമപുരം ക്ഷേത്ര ജംഗ്ഷനിൽ ദേശീയപാതയ്ക്ക് മുകളിലൂടെ നടപ്പാലം നിർമിക്കും
1573265
Sunday, July 6, 2025 3:22 AM IST
കായംകുളം: ദേശീയപാത 66ൽ രാമപുരം ക്ഷേത്ര ജംഗ്ഷനിൽ ദേശീയപാതയ്ക്കു മുകളിലൂടെ നടപ്പാലം നിർമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദേശീയപാത അഥോറിറ്റി ചീഫ് ജനറൽ മാനേജർ അറിയിച്ചതായി യു. പ്രതിഭ എംഎൽഎ പറഞ്ഞു.
പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഏവൂർ, രാമപുരം തുടങ്ങിയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും ഏവൂർ പള്ളിയിലെ റാസയ്ക്കും മറ്റും നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. കൂടാതെ വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിവിധ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും ഈ പ്രദേശത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നു.
ദേശീയപാത നിർമാണം പൂർത്തിയായാൽ ഈ സ്ഥലങ്ങളിലേക്ക് എത്തേണ്ടവർ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം ഹൈവേയുടെ മറുവശത്ത് എത്തുവാൻ. ഈ വിഷയം ദേശീയപാത അഥോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പൊതുജനങ്ങളുടെ ആവശ്യവും പ്രദേശത്തെ സാംസ്കാരികവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്ത് നിർമാണത്തിനും പ്രവേശനത്തിനും അനുയോജ്യമായ ഭൂമിയുടെ ലഭ്യതയ്ക്ക് വിധേയമായി രാമപുരം ക്ഷേത്ര ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നത് പരിഗണിക്കാം എന്ന് ദേശീയപാത അഥോറിറ്റി ചീഫ് ജനറൽ മാനേജർ രേഖാമൂലം അറിയിച്ചതായി എംഎൽഎ പറഞ്ഞു.