വില്ലേജ് ഓഫീസർ ലീവിൽ, ജനം ദുരിതത്തിൽ
1573865
Monday, July 7, 2025 11:19 PM IST
തുറവൂർ: തുറവൂർ വില്ലേജ് ഓഫീസർ ലീവിലായതോടെ ഓഫീസ് പ്രവർത്തനം അവതാളത്തിലായെന്ന് പരാതി. ഓരോ ആവശ്യത്തിനും തുറവൂർ വില്ലേജ് ഓഫീസിൽ കയറിയിറങ്ങി ജനം കഷ്ടപ്പെടുകയാണ്. വില്ലേജ് ഓഫീസറിന്റെ നിസ്സഹകരണം മൂലം ഓൺലൈൻ അപേക്ഷകൾ പോലും നോക്കി അംഗീകരിച്ച് വിടാൻ സാധിക്കാത്ത അവസ്ഥയാണ്. അക്ഷയകേന്ദ്രങ്ങളിലൂടെ അപേക്ഷിക്കുന്ന ഓൺലൈൻ അപേക്ഷകൾ പോലും 10 മുതൽ 15 ദിവസങ്ങൾക്കുശേഷമാണ് പാസാക്കി ലഭിക്കുന്നത്.
ഇതുമൂലം ജനങ്ങൾ ദുരിതത്തിലാണ്. കുട്ടികളുടെ അഡ്മിഷനും മറ്റും സമയത്ത് സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം വിദ്യാഭ്യാസത്തിനും മറ്റും ബാധിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രവർത്തനം താളംതെറ്റിയ രീതിയിലാണ്. തരം മാറ്റലിന് അപേക്ഷനൽകി വില്ലേജ് ഓഫീസിലെ റിപ്പോർട്ടിനായി നൂറുകണക്കിന് അപേക്ഷകരാണ് കാത്തു നിൽക്കുന്നത്.
എന്താവശ്യത്തിന് തുറവൂർ വില്ലേജ് ഓഫീസിൽ ചെന്നാലും താട്ടാമുട്ടുന്യായങ്ങൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി തുറവൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ ജനദ്രോഹ നടപടി അവസാനിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.