മഹിളാ കോൺഗ്രസ് മാർച്ചിൽ പോലീസ് അതിക്രമം ജനാധിപത്യവിരുദ്ധ നടപടിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
1573867
Monday, July 7, 2025 11:19 PM IST
മാവേലിക്കര: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ പോലീസ് നടത്തിയ അതിക്രമം കടുത്ത ഭാഷയിൽ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.
പ്രതിഷേധക്കാരായ സ്ത്രീകളെ തെരുവിൽ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതും ജലപീരങ്കിയും ലാത്തിച്ചാർജും ഉപയോഗിച്ചുള്ള സംസ്ഥാന സർക്കാരിന്റെ നയങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹിളാ കോൺഗ്രസ് പ്രവർത്തകർ പൊതുസമൂഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾക്കായാണ് ശബ്ദമുയർത്തിയത്. അതിനെ അടിച്ചമർത്താൻ പോലീസ് അന്യായമായി ഇടപെടുകയും സ്ത്രീകളുടെ മേൽ ക്രൂരമായി അക്രമം ചെലുത്തുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്. ഇതിന് രാഷ്ട്രീയ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുന്നതെന്നും എംപി ചോദിച്ചു.
സംസ്ഥാന സർക്കാർ ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിൽ രാഷ്ട്രീയക്കളി കാണുന്നുണ്ട്. ചികിത്സയില്ല, മരുന്നില്ല, ആശുപത്രികൾ ദയനീയാവസ്ഥയിലാണ്. ചോദ്യംചെയ്താൽ പോലീസിനെ ഉപയോഗിച്ച ആക്രമിക്കുന്നു. ഇത് ഫാസിസ്റ്റ് സമീപനമാണ്- എംപി കൂട്ടി ച്ചേർത്തു.