മദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ് വീട്ടമ്മ മരിച്ചു
1573868
Monday, July 7, 2025 11:19 PM IST
അമ്പലപ്പുഴ: മദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം ആശാരിപ്പറമ്പിൽ ആനി (55) ആണ് ഇന്നലെ പുലർച്ചെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ആനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് നിർമാണത്തൊഴിലാളിയായ മകൻ ജോൺസൺ ജോയി (34) ക്രൂരമായി ആക്രമിച്ചത്. പിടിച്ചുമാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദനമേറ്റിരുന്നു. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണെന്ന് സമീപവാസികൾ പറഞ്ഞു. സംഭവത്തെത്തുടർന്നുള്ള പരാതിയിൽ അമ്പലപ്പുഴ പോലീസ് കേസെടുത്ത് ജോൺസണെ റിമാൻഡ് ചെയ്തിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മറ്റൊരു മകൻ ജോബിൻ.