കെഎസ്ഇബി നിയമവിരുദ്ധമായി ബലപ്രയോഗത്തിലൂടെ ലൈന്‍ വലിച്ചു
1573869
Monday, July 7, 2025 11:19 PM IST
മുഹമ്മ: കെഎസ്ഇബി നിയമ വിരുദ്ധമായി പുരയിടത്തിലൂടെ ബലപ്രയോഗത്തിലൂടെ ലൈൻവലിച്ചതിനെ തുടർന്നു വയോധികന്റെ ശ്രവണശേഷി നഷ്ടപ്പെട്ടതായി പരാതി. മുഹമ്മ കായിപ്പുറം തോട്ടുങ്കല്‍ വിലാസന് (76) ആണ് ശ്രവണശേഷി നഷ്ടപ്പെട്ടത്. പാലിയേറ്റീവ് കെയര്‍ ചികിത്സയില്‍ കഴിയുന്ന രോഗികളാണ് 24 മണിക്കൂറും പരസഹായം വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിലാസനും ഭാര്യ രാധമ്മയും.
കഴിഞ്ഞമാസം 23 നു ജില്ലാ കളക്ടറുടെയും ആര്‍ഡിഒ യുടെയും ഉത്തരവുണ്ടെന്നു കളവ് പറഞ്ഞാണ് പോലീസുമായി ഉദ്യോഗസ്ഥരെത്തി വിലാസന്റെ പുരയിടത്തിലൂടെ ലൈന്‍ വലിക്കാന്‍ ശ്രമിച്ചത്. ഉത്തരവുകള്‍ കാണിക്കാന്‍ പറഞ്ഞെങ്കിലും മറ്റു പേപ്പറുകളാണ് ഉദ്യോഗസ്ഥര്‍ കാണിച്ചതെന്നു സ്ഥല ഉടമയായ മുഹമ്മ കായിപ്പുറം തോട്ടുങ്കല്‍ വീട്ടില്‍ ടി.ജി വിലാസന് പറയുന്നു.
അന്നു ബലമായി ലൈന്‍ വലിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ തള്ളിയിട്ടതിനെത്തുടര്ന്നു പരിക്കേറ്റ വിലാസന് മുഹമ്മ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇതുസംബന്ധിച്ചു അധികാരികൾക്കെതിരേ പരാതിയും നൽകിയിട്ടുണ്ട്.
തന്റെ പുരയിടത്തിലൂടെ അയല്‍വാസിയുടെ പുരയിടത്തിലേയ്ക്കു വൈദ്യുത ലൈന്‍ വലിക്കുന്നതിനു സമ്മതപത്രം നല്‍കിയിട്ടില്ലെന്നും വിഷയം ആര്‍ഡിഒയുടെ പരിഗണനയില്‍ ആണെന്നും വിലാസന് പറഞ്ഞു. ഊന്നുവടിയുടെ സഹായമില്ലാതെ നില്ക്കാന് കഴിയാത്തവരാണ് താനും ഭര്‍ത്താവുമെന്ന് രാധമ്മ പരാതിയില്‍ പറയുന്നു.
ശരീരിക ബുദ്ധിമുട്ടും സംസാരത്തിലെ പൊരുത്തക്കേടുമാണ് ആദ്യമുണ്ടായത്. പിന്നീടാണ് ശ്രവണശേഷി നഷ്ടപ്പെട്ടത്. ഇതേത്തുടര്‍ന്നു ചികില്‍സ തേടിയെങ്കിലും ശ്രവണ ശക്തിയില്‍ മാറ്റമുണ്ടായില്ല. സംസാരത്തിലെ പൊരുത്തമില്ലായ്മ തുടരുന്നതായും വീട്ടുകാര്‍ പറയുന്നു.