സിഗരറ്റിൽ കഞ്ചാവ് ഓയിൽ പുരട്ടി വലിച്ച മൂന്നു യുവാക്കൾ പിടിയിൽ
1573875
Monday, July 7, 2025 11:19 PM IST
തുറവൂർ: സിഗരറ്റിൽ കഞ്ചാവ് ഓയിൽ പുരട്ടി വലിച്ച മൂന്നു യുവാക്കളെ പട്ടണക്കാട് പോലീസ് പിടികൂടി. പട്ടണക്കാട് രാധാമാധവത്തിൽ നിധിൻ (29), നികർത്തിൽ സുജിത് (24), പുൽപ്പാറയിൽ ആഷിക് (30) എന്നിവരെയാണ് സിഐ ജയന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം ആറിന് പൊന്നാംവെളി കോതകുളങ്ങരയിലായിരുന്നു സംഭവം.
യുവാക്കൾ കഞ്ചാവ് ഓയിൽ (ഹാഷിഷ്) ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസെത്തിയത്. പോലീസെത്തിയപ്പോൾ സിഗരറ്റ് വലിച്ചു നിൽക്കുന്ന യുവാക്കളെയാണ് കണ്ടത്. പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണിവർ കഞ്ചാവോയിൽ സിഗരറ്റിൽ പുരട്ടി വലിച്ചതായി മനസിലാക്കിയത്. പിന്നീടിവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും ഹാഷിഷിന്റെ ഉറവിടം മനസിലാക്കാൻ കഴിഞ്ഞില്ല.
കേസ് രജിസ്റ്റർ ചെയ്തെങ്കിലും യുവാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത്. സിഗരറ്റിൽ ഹാഷിഷ് പുരട്ടി വലിക്കുന്നത് സ്റ്റേഷൻ ജാമ്യം കൊടുക്കാവുന്ന കേസാണെന്നും എന്നാൽ, യുവാക്കൾക്ക് ജാമ്യം നൽകിയിട്ടില്ലെന്നും സിഐ പറഞ്ഞു. എസ്ഐമാരായ മധുസൂദനൻ, ലതീഷ്കുമാർ, സിപിഒമാരായ അനീഷ്, ശ്രീകുമാർ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.