കായംകുളം: പത്തിയൂർ ജില്ലാ ഡിവിഷൻ നിലനിർത്താൻ എൽഡിഎഫും തിരികെ പിടിക്കാൻ യുഡിഎഫും പ്രചാരണം ശക്തമാക്കിയതോടെ ഇവിടെ തീപാറുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങി. എൽഡിഎഫിന് വ്യക്തമായ ആധിപത്യമുള്ള ഡിവിഷനാണിത്. അതിനാൽ ഡിവിഷൻ പിടിച്ചെടുക്കാൻ കെഎസ്യു ജില്ലാ നേതാവിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എൽഡിഎഫിൽ സിപിഐക്കാണ് ഇവിടെ സീറ്റ്. ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ചതിനുശേഷം ഒരുതവണ മാത്രമാണ് ഇവിടെ എൽഡിഎഫ് പരാജയപ്പെട്ടത്. ഡിവിഷൻ പുനർനിർണയിച്ചതിനുശേഷം എൽഡിഎഫ് ഇവിടെ സന്പൂർണാധിപത്യം നേടി.
പത്തിയൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടല്ലൂർ പഞ്ചായത്തിലെ 10 വാർഡുകളും ചേപ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകളും ചെട്ടികുളങ്ങര പഞ്ചായത്തിലെ എട്ടു വാർഡുകളും ഉൾക്കൊള്ളുന്നതാണ് പത്തിയൂർ ഡിവിഷൻ. ഇതിൽ പത്തിയൂർ പഞ്ചായത്ത് എൽഡിഎഫിന് വലിയ സ്വാധീനമുള്ളയിടമാണ്. കണ്ടല്ലൂർ പഞ്ചായത്തും ചെട്ടികുളങ്ങര പഞ്ചായത്തും എൽഡിഎഫാണ് ഭരിക്കുന്നത്. ചേപ്പാട് പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പവും. എൽഡിഎഫിനായി സിപിഐയിലെ കെ.ജി. സന്തോഷാണ് (50) മത്സരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം.പി. കൃഷ്ണപിള്ളയുടെ ചെറുമകനാണ് കെ.ജി. സന്തോഷ്. തെരഞ്ഞെടുപ്പ് രംഗത്തേക്ക് കന്നിയങ്കമാണ്. എഐഎസ്എഫ്, എഐവൈഎഫ് ജില്ലാ ഭാരവാഹി, സിപിഐ മാവേലിക്കര, കായംകുളം മണ്ഡലം അസി. സെക്രട്ടറി, ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ ജില്ലാ കൗണ്‍സിൽ അംഗം, കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ്, കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സിൽ അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, ഓണാട്ടുകര വികസന ഏജൻസി എക്സിക്യൂട്ടീവ് അംഗം, പെരുങ്ങാല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
കെഎസ്യു ജില്ലാ നേതാവായ വിശാഖ് പത്തിയൂരി(24)നെയാണ് ഇടതുകോട്ട പിടിക്കാൻ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. വിശാഖിനും ഇത് കന്നിയങ്കമാണ്. വിദ്യാർഥി സമരങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട് . ജവഹർ ബാലജന വേദി കായംകുളം ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ കോ-ഓർഡിനേറ്റർ, കെഎസ്യു, എംഎസ്എം കോളജ് യൂണിറ്റ് സെക്രട്ടറി, യൂണിറ്റ് പ്രസിഡന്റ്, കെ എസ്യു കായംകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എൻഎസ്യു മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെഎസ്യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, എൻഎസ്യു ദേശിയ നവമാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങളാണ് വഹിക്കുന്നത്.
എൻഡിഎയ്ക്കുവേണ്ടി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം മുൻ യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സഞ്ജീവ് ഗോപാലകൃഷ്ണൻ ചെട്ടികുളങ്ങരയാണ്(46) മത്സരിക്കുന്നത്. സഞ്ജീവ് കഴിഞ്ഞയാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ഗായത്രി സെൻട്രൽ സ്കൂൾ യോഗാധ്യാപകനാണ്.