മാലിന്യമുക്തമാകാൻ ഒരുങ്ങി പഞ്ചായത്തുകൾ
1337978
Sunday, September 24, 2023 10:11 PM IST
എരുമേലി: അടുത്ത വർഷം ആദ്യം സമ്പൂർണമായി കോട്ടയം ജില്ല മാലിന്യമുക്തമാകണമെന്ന ലക്ഷ്യത്തിൽ തീവ്ര യത്നം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇതിനായി ഒരുക്കങ്ങൾ. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇന്ന് യോഗം ചേരും. കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ യോഗം നടത്തി.
പൂഞ്ഞാർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും ഈരാറ്റുപേട്ട നഗരസഭയും ഈ വർഷം ഡിസംബറിൽ മാലിന്യമുക്തമാകണമെന്നതാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ഇന്ന് രാവിലെ 10.30ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് യോഗം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ, പ്രധാന ഉദ്യോഗസ്ഥർ എന്നിവർ ആണ് യോഗത്തിൽ പങ്കെടുക്കുക. തദ്ദേശ സ്ഥാപന വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, നവകേരളം, കില തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാലിന്യമുക്ത യഞ്ജം.
കേസെടുക്കാൻ പോലീസ്
മാലിന്യങ്ങൾ അനുവദിച്ച സ്ഥലത്തല്ലാതെ മറ്റ് എവിടെയെങ്കിലും ഇട്ടാൽ ആദ്യം മുന്നറിയിപ്പും താക്കീതും തുടർന്ന് ആവർത്തിച്ചാൽ പ്രതിയെ പിടികൂടി മഹസർ തയാറാക്കി പിഴയും തടവും ലഭിക്കുന്ന വിധം കേസെടുക്കാൻ ഇനി പോലീസ് എത്തും. സ്റ്റേഷനിൽ ജാമ്യം അനുവദിക്കാത്ത വകുപ്പ് ഉപയോഗിച്ചാണ് കേസെടുക്കാൻ നിർദേശമുള്ളത്.
ഒരുക്കങ്ങൾ ഇങ്ങനെ
എല്ലാ പഞ്ചായത്തുകളിലും ഹരിത കർമയുടെ സേന യൂസർ ഫീയും കവറേജും 100 ശതമാനം കൈവരിക്കുന്നതിന് പരിശീലനം തുടങ്ങി. ജനങ്ങളുമായി ഹരിത കർമ സേനയുടെ പെരുമാറ്റം സംബന്ധിച്ചും യൂസർ ഫീ കണക്കുകൾ ഭാവിയിൽ ഓഡിറ്റിന് വിധേയമാക്കുന്നത് മുൻനിർത്തി കണക്ക് ക്രമപ്പെടുത്തലും ഉൾപ്പടെയാണ് പരിശീലനം. 25, 26, 29, 30 തീയതികളിൽ എല്ലാ പഞ്ചായത്തുകളിലും ഇതിനായി പരിശീലനം നടക്കും.
വീടുകൾ, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലായിടത്തും ഹരിത കർമ സേന എത്തുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണം. നിലവിൽ പ്ലാസ്റ്റിക് മാത്രം ശേഖരിച്ചിരുന്ന സ്ഥാനത്ത് പ്ലാസ്റ്റിക്കിനൊപ്പം ബാഗ്, പഴ്സ്, കുപ്പിച്ചില്ല്, ചെരുപ്പ് ഉൾപ്പടെ മുഴുവൻ അജൈവ മാലിന്യങ്ങളും ഇനി ഹരിതകർമസേന ശേഖരിക്കുന്നതിന് നടപടികൾ ആരംഭിക്കുകയാണ്. സേന അംഗങ്ങൾ എത്തുന്നതിന് കലണ്ടർ നിർണയിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏതൊക്കെ ദിവസം എത്തും എന്നുള്ളത് മുൻകൂട്ടി നാട്ടുകാരെ അറിയിച്ചിരിക്കും.
മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ ശേഖരണത്തിന് എത്തിയിരിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്ത് കൈമാറുന്ന ക്ലീൻ കേരള പോലുള്ള കമ്പനികൾ നിഷ്കർഷിക്കുന്ന വിധം മാലിന്യങ്ങൾ തരം തിരിച്ചിരിക്കണം. മിനി എംസിഎഫുകളിൽ നിന്ന് യഥാസമയം ഇവ നീക്കി എംസിഎഫിലും തുടർന്ന് ഏജൻസിക്ക് കൈമാറുകയും വേണം.
സ്നേഹാരാമം
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി എൻഎസ്എസുമായി ചേർന്ന് സ്നേഹാരാമം എന്ന പദ്ധതി ഒക്ടോബർ രണ്ടു മുതൽ ഡിസംബർ 28 വരെ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന പരിധിയിൽ വരുന്ന മാലിന്യ കൂനകൾ വൃത്തിയാക്കി സൗന്ദര്യ വത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ചെറിയ റിക്രീയേഷണൽ പാർക്കുകൾ ആക്കാൻ പറ്റുന്നവ ആ രീതിയിൽ മാറ്റാനും വായനാ മൂലകൾ ആക്കാൻ പറ്റുന്നവ അത്തരത്തിൽ മാറ്റി സൗന്ദര്യവൽക്കരണം നടത്തണം. പഞ്ചായത്ത് തലത്തിൽ ഇങ്ങനെ കുറഞ്ഞത് അഞ്ച് പോയിന്റുകളും മുനിസിപ്പിലാറ്റി തലത്തിൽ കുറഞ്ഞത് 12 പോയിന്റുകൾ ഇങ്ങനെ നവീകരിച്ചിരിക്കണം.
വാർഡ് - ക്ലസ്റ്റർ കൺവൻഷൻ
മണ്ഡലം കൺവൻഷന് ശേഷം മുനിസിപ്പൽ - പഞ്ചായത്ത് തലങ്ങളിൽ യോഗം ചേരുന്നുണ്ട്. തുടർന്ന് വാർഡിലും, വിവിധ വാർഡുകൾ ചേർന്ന് ക്ലസ്റ്റർ തലത്തിലും യോഗങ്ങളുണ്ടാകും. ഒരു വാർഡിൽ നിന്നു 30 വയസിൽ താഴെയുള്ള അഞ്ച് യുവാക്കളെ തെരഞ്ഞെടുത്ത് സ്ക്വാഡ് പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കണം. ഒപ്പം കുടുംബശ്രീ, സിഡിഎസ്, തൊഴിലുറപ്പ് പദ്ധതി യോഗങ്ങൾ ചേരണം.
വിദ്യാർഥികളിൽ
സ്കൂൾ കുട്ടികൾക്ക് വേണ്ടി ശുചിത്വ അവബോധം ലക്ഷ്യമാക്കി ഒരു മോഡ്യൂൾ ഉണ്ടാകും. ഒരു സ്കൂളിൽ നിന്നു ഒരു അധ്യാപകനെ വീതം പങ്കെടുപ്പിച്ച് പരിശീലനം നൽകും. സ്കൂളുകൾക്ക് തുടർന്ന് റേറ്റിംഗ് നൽകും. പ്രചരണ ഭാഗമായി കുട്ടികളുടെ സൈക്കിൾ റാലി, ഫ്ലാഷ് മോബ്, പ്രദർശനങ്ങൾ, വിളംബര ജാഥ, ജലാശയം, പൊതു സ്ഥലം, വീട്, ഓഫീസ്, സ്കൂൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവ വൃത്തിയാക്കലും സൗന്ദര്യവൽക്കരണവും നടത്താൻ മാർഗ നിർദേശങ്ങളുണ്ട്. 30 നകം ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികൾക്കും സാങ്കേതിക അനുമതി നേടണമെന്നും നിർദേശങ്ങളിൽ പറയുന്നു.