വൈക്കത്ത് അഷ്ടമിദർശനം നാളെ
1375752
Monday, December 4, 2023 5:36 AM IST
വൈക്കം: ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. രാവിലെ 3.30ന് നട തുറന്ന് ഉഷപൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30 നാണ് അഷ്ടമി ദർശനം. ശ്രീപരമേശ്വരനെ സംപ്രീതനാക്കാൻ കൊടുംതപസനുഷ്ഠിച്ച വ്യാഘ്രപാദമഹർഷിക്ക് കൃഷ്ണാഷ്ടമി ദിനത്തിൽ ബ്രാഹ്മ മുഹൂർത്തത്തിൽ ശ്രീപാർവതി സമേതനായി ദിവ്യദർശനം നല്കി അനുഗ്രഹിച്ച മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. അഷ്ടമിദിനത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ വൈക്കത്തപ്പനെ ദർശിക്കുന്നവർക്ക് വരപ്രസാദം ലഭിക്കുമെന്നാണ് വിശ്വാസം.
അഷ്ടമി പ്രാതൽ
വൈക്കം:അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധാനത്ത് അഷ്ടമി നാളിൽ 121 പറ അരിയുടെ വിഭവ സമൃദ്ധമായ പ്രാതലാണ് ദേവസ്വം ഒരുക്കുന്നത്.
ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും പ്രാതൽ നൽകുന്നതിനാണ് ദേവസ്വത്തിന്റെ ശ്രമം. 70 വയസ് പൂർത്തിയായവർക്ക് പ്രാതൽ കഴിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും.