കോട്ടയം: കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി നേരിടുവാന്‍ സിഎസ്ഐ മധ്യകേരള മഹായിടവകയിലെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും സിഎസ്ഐ സഭയുടെ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയില്‍ ഭാഗമാകണമെന്ന് ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്.
സോളാര്‍ പ്ലാന്റുകള്‍ വ്യാപകമാക്കിയും കാര്‍ബണ്‍ ആഗീകരണം ചെയ്യുന്ന ചെടികള്‍ പിടിപ്പിച്ചും സിഎസ്ഐ സഭയുടെ ഹരിത ചട്ടങ്ങള്‍ എല്ലാവരും പിന്തുടരുന്നതാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി. സിഎസ്ഐ മധ്യകേരള മഹായിടവകയുടെ പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കാര്‍ബണ്‍ ന്യൂട്രല്‍ ഇടവകകളും സ്ഥാപനങ്ങളും എന്ന പദ്ധതിയുടെ ഉദ്ഘാടനം മേയ് 22ന് കോട്ടയത്തു നടക്കും. മൂന്നു വര്‍ഷ പദ്ധതിയുടെ വിശദവിവരങ്ങള്‍ മഹായിടവക പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ഡോ. മാത്യു കോശി പുന്നയ്ക്കാട് അവതരിപ്പിച്ചു. സര്‍ക്കാര്‍ സബ്സിഡി ഉപയോഗിച്ച് വീടുകളില്‍ മേല്‍ക്കൂര സോളാര്‍ പദ്ധതി നടപ്പാക്കുന്നതോടൊപ്പം പള്ളിക്കെട്ടിടങ്ങളുടേയും സ്കൂളുകളുടെയും മുകളില്‍ സോളാര്‍ പാനല്‍ ഗ്രിഡിലേക്ക് വൈദ്യുതി കൊടുക്കുവാന്‍ മഹായിടവക വിഭാവനം ചെയ്യും.
തിരുവനന്തപുരം ക്രൈസ്റ്റ് ചര്‍ച്ച്, കോട്ടയം സിഎസ്ഐ മഹായിടവക ഓഫിസ്, കോട്ടയം സിഎംഎസ് കോളജ്, കോട്ടയം ബേക്കര്‍ സ്കൂള്‍, മുണ്ടിയപ്പള്ളി സിഎസ്ഐ പള്ളി എന്നിവിടങ്ങളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മഹായിടവകയുടെ വിവിധ പള്ളിക്കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ വയ്ക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ഈ വര്‍ഷം മഹായിടവകയിലെ ജനങ്ങളുടെ നേതൃത്വത്തില്‍ ഒരു ലക്ഷം തൈകള്‍ നടും. എല്ലാ പള്ളികാമ്പസിലും മഹായിടവകയുടെ ചുമതലയില്‍ തൈകള്‍ വിതരണം ചെയ്യും. നാനൂറ് സ്കൂള്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് ഗ്രീന്‍ അംബസിഡർന്മാരായി കാലാവസ്ഥ നീതിയും സുസ്ഥിരവികസനത്തിന്റെയും പ്രചാരകരായി മാറ്റും. മേയ് ആദ്യം ആരംഭിക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കുവാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ രജിസ്ട്രര്‍ ചെയ്യണം.
മഹായിടവക ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, അല്മായ സെക്രട്ടറി സ്റ്റീഫന്‍ ജെ. ഡാനിയേല്‍, രജിസ്ട്രാര്‍ ഷീബാ തരകന്, പരിസ്ഥിതി വകുപ്പ് കണ്‍വീനര്‍ റവ. അനില്‍ തോമസ്, ടി. ജി. ഉമ്മന്‍, റവ. ദീപു എബി ജോണ്‍, ഷാജി പീറ്റര്‍, അല്മായ ഫെലോഷിപ്പ് സെക്രട്ടറി ജോണ്സണ് പി. കുരുവിള, റവ. റെനി ഫിലിപ്പ്, നിഷാ ആന്‍ ജേക്കബ്, റവ. സി.സി. സാബു, റോയ് സി. മാണി എന്നിവര്‍ പ്രസംഗിച്ചു.