തൊടുപുഴ: പാഴ് വസ്തുകളെന്ന് പറഞ്ഞ് ഇനിയൊന്നും വലിച്ചെറിയേണ്ട. അജൈവ പാഴ് വസ്തുക്കൾക്ക് വില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഉപയോഗ ശൂന്യമായ പേപ്പറായാലും പ്ലാസ്റ്റിക്കായാലും വീട്ടിലും സ്ഥാപനങ്ങളിലുമൊക്കെ തരംതിരിച്ച് വൃത്തിയായി സൂക്ഷിച്ചുവച്ചാൽ ഹരിതകർമ സേന ഏറ്റെടുത്ത് നീക്കം ചെയ്യും. 18 അജൈവ പാഴ് വസ്തുക്കൾക്കാണ് വില നിശ്ചയിച്ച് സർക്കാർ ഉത്തരവായത്.
ഈ പാഴ് വസ്തുക്കൾ ഹരിതകർമ സേനയിൽ നിന്നും സർക്കാർ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കന്പനി ഏറ്റെടുത്ത് വിവിധ ഏജൻസികൾക്ക് പുനരുപയോഗത്തിനായി കൈമാറും. അതിൽ നിന്നും ലഭിക്കുന്ന തുക നാടിനെ മാലിന്യമുക്തമാക്കി പരിപാലിക്കുന്നതിനായി സേവനം ചെയ്യുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് ലഭിക്കും. നിലവിൽ വീടുകളിൽ നിന്നും ലഭിക്കുന്ന യൂസർ ഫീസ് മാത്രമാണ് ഹരിത കർമസേനയ്ക്ക് ലഭിച്ചിരുന്ന പ്രതിഫലം.
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക്കും പാൽക്കവറുകളുമുൾപ്പടെയുള്ള അജൈവ പാഴ് വസ്തുക്കൾക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥതയിലുള്ള സ്ഥാപനമായ ക്ലീൻ കേരള കന്പനി വെവ്വേറെ വില നിശ്ചയിച്ചത്. സംസ്ഥാനത്ത് ഒരു സർക്കാർ പൊതുമേഖലാ സഥാപനം അജൈവപാഴ് വസ്തുക്കൾക്ക് വില നിശ്ചയിക്കുന്നത് ആദ്യമായാണ്.
പാഴ് വസ്തുക്കൾ അമർത്തി അട്ടിയാക്കി തിരിച്ചതിനും അല്ലാത്തവയ്ക്കും പ്രത്യേക വിലയാണ് ലഭിക്കുക. പുനരുപയോഗം സാധ്യമായ പ്ലാസ്റ്റിക്കിന് കിലോയ്ക്ക് 18 രൂപയും പാൽക്കവറിനും പ്ലാസ്റ്റിക്ക് മദ്യക്കുപ്പിക്കും കിലോയ്ക്ക് 12 രൂപയും ചില്ല് കുപ്പിക്ക് ഒരു രൂപയും വില കിട്ടും.
ഓരോ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന വൃത്തിയുള്ള ഈർപ്പരഹിതമായ അജൈവ പാഴ് വസ്തുക്കൾ ഓരോരോ ഇനങ്ങളായി തരംതിരിച്ച് നൽകുന്പോൾ മാത്രമാണ് ഈ വില ലഭിക്കുന്നത്. ആ ജോലിയാണ് പഞ്ചായത്തുകളുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ ഓരോ ഹരിതകർമ സേനാംഗവും ചെയ്യുന്നത്.
പാഴ് വസ്തുക്കളുടെ
സർക്കാർ വില (കിലോയ്ക്ക്)
കട്ടി പ്ലാസ്റ്റിക്-8- 6 രൂപ, പെറ്റ് ബോട്ടിൽ 15-12, പ്ലാസ്റ്റിക്ക് മദ്യക്കുപ്പി,12-10 , പഴയ പത്രങ്ങൾ 8-6, കാർഡ് ബോർഡ് 4-3, ബിബി(മിക്സ് പേപ്പർ), ബാഗുകൾ പോലുള്ളവ 5-4 , ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന പോളി പ്രൊപ്പിലിൻ കണ്ടെയ്നറുകൾ 15-10 ,കോസ്മറ്റിക് വസ്തുക്കളും എണ്ണയും മറ്റും സൂക്ഷിക്കുന്ന എഹൈ ഡെൻസിറ്റി പോളി എത്തിലീൻ കുപ്പികൾ 17-15.
പ്ലാസ്റ്റിക്ക് ചരടുകളും വാഹനഭാഗങ്ങളും നിർമിക്കുന്ന പോളി പ്രൊപ്പിലിൻ 15-10, അലുമിനിയം കാൻ 40-30, സ്റ്റീൽ 20-15, പാഴ് ഇരുന്പ് വസ്തുക്കൾ 15 രൂപ, ചില്ലു മാലിന്യം 0.75 രൂപ, ചില്ലു കുപ്പി ഒരെണ്ണം- 1 രൂപ. എച്ച്എം (സാദാ പ്ലാസ്റ്റിക് ) 7-5 . കളർ എച്ച്എം 8-4 ,നോണ് വുവണ് ബാഗുകൾ 5-3 രൂപ,